Loading ...

Home National

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഏകീകരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുകളെ ലയിപ്പിച്ച്‌ ഒന്നാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഈസ്റ്റ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍, സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എന്നിവയെ ഏകീകരിക്കാനാണ് തീരുമാനം. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത.ബില്‍ പാസാവുന്നതോടെ ഏകീകൃത ഡല്‍ഹി കോര്‍പറേഷന്‍ രൂപപ്പെടും. ഇതോടെ ഡല്‍ഹി കോര്‍പറേഷനുകളില്‍ ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. വലിയ കടബാധ്യതയും വരവ് ചെലവ് കണക്കുകളുടെ അസമത്വവും കൃത്യമായി ശമ്പളവിതരണം നടക്കാത്തതിനെ ചൊല്ലി ജീവനക്കാര്‍ സമരം നടത്തുന്നതുമെല്ലാമാണ് കോര്‍പറേഷന്‍ സംയോജനത്തിന് കാരണമായി ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.കോര്‍പറേഷനുകള്‍ ഏകീകരിക്കുന്നത് സംബന്ധിച്ച്‌ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ വലിയ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചതിന് പിന്നാലെ മൂന്നും ഒന്നിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

Related News