Loading ...

Home National

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; 50 ശതമാനം സീറ്റില്‍ അടുത്ത വര്‍ഷം മുതല്‍ അതത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഫീസ്

സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കല്‍പിത സര്‍വകലാശാലകളിലും അടുത്ത അധ്യയന വര്‍ഷം മുതതല്‍ 50 ശതമാനം സീറ്റില്‍ അതതു സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലേതിനു സമാനമായ ഫീസ്.എംബിബിഎസ്, പിജി കോഴ്‌സുകള്‍ക്ക് ഇത് ബാധകമായിരിക്കും. കേരളത്തിലും അടുത്ത അക്കാദമിക് വര്‍ഷം മുതലായിരിക്കും ഇതു നടപ്പാവുക.50% സീറ്റില്‍ സര്‍ക്കാര്‍ കോളജിലേതിനു തുല്യമായ ഫീസ് സംബന്ധിച്ച്‌ കഴിഞ്ഞ മാസം 3നാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) ഉത്തരവിറക്കിയത്.

കോവിഡ് കാരണം നടപടിക്രമങ്ങള്‍ വൈകിയതിനാല്‍ 2021-22 ലെ പ്രവേശനം പൂര്‍ത്തിയായിട്ടില്ല. ഇതിനു ശേഷം വരുന്ന ബാച്ച്‌ മുതലായിരിക്കും പുതിയ ഫീസ് ഘടന. പുതിയ ഫീസ് ഘടനയുടെ ആനുകൂല്യം സര്‍ക്കാര്‍ ക്വോട്ടയിലെ സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കായിരിക്കും. സര്‍ക്കാര്‍ ക്വോട്ട 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ബാക്കി കുട്ടികള്‍ക്കും (50% വരെ) സര്‍ക്കാര്‍ ഫീസാകും ബാധകം.

ലാഭം ഉണ്ടാക്കാനല്ല വിദ്യാഭ്യാസം എന്നതാകണം നയം. തലവരിപ്പണം വാങ്ങുന്നതിനു വിലക്കുണ്ട്. ഫീസ് കണക്കാക്കുമ്ബോള്‍ കോളജ് നടത്തിപ്പിനും പരിപാലനത്തിനുമുള്ള ചെലവ് ഉള്‍പ്പെടുത്താമെങ്കിലും അധികച്ചെലവും അമിതലാഭവും അനുവദിക്കില്ല. ഈ മാര്‍ഗരേഖ അടുത്തവര്‍ഷം മുതല്‍ കര്‍ശനമായി നടപ്പാകുമെന്നു എന്‍എംസി വ്യക്തമാക്കി.

Related News