Loading ...

Home National

'ഉങ്കളില്‍ ഒരുവന്‍'; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്യും

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ ​പ്രകാശനത്തിന് ഒരുങ്ങുന്നു . 'ഉങ്കളില്‍ ഒരുവന്‍' (നിങ്ങളില്‍ ഒരുവന്‍) എന്ന ആത്മകഥയുടെ ആദ്യ ഭാ​​ഗത്തിന്റെ പ്രകാശനമാണ് നടക്കുക.ഫെബ്രുവരി 28 ന് ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുളള ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും.

1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വര്‍ഷങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥി യായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാര്‍, സിഎന്‍ അണ്ണാദുരൈ, പിതാവ് കലൈഞ്ജര്‍ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കള്‍ നടത്തിയ സമരങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങള്‍ താന്‍ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ഡിഎംകെയുടെ വളര്‍ച്ചയെക്കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ പ്രതിപാതിച്ചിട്ടുണ്ട്.

ചെന്നൈയില്‍ നടക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, പശ്ചിമ ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കും. മുതിര്‍ന്ന ഡിഎംകെ നേതാവും ജലവിഭവ മന്ത്രിയുമായ ദുരൈ മുരുകന്‍ ചടങ്ങില്‍ അധ്യക്ഷനാകും. തമിഴ് നടന്‍ സത്യരാജ് പുസ്തകം പരിചയപ്പെടുത്തും.

എം. കരുണാനിധിയുടെയും ദയാലു അമ്മാളിന്റെയും മകനായി 1953 മാര്‍ച്ച്‌ 1നാണ് എം കെ സ്റ്റാലിന്റെ ജനനം. മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്നാണ് പൂര്‍ണനാമം. തമിഴ്നാടിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായി 1996 മുതല്‍ 2002 വരെ സ്റ്റാലിന്‍ സേവനം അനുഷ്ഠിച്ചു. 2009 മുതല്‍ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയത്തില്‍ ഊര്‍ജ്ജസ്വലനായ സ്റ്റാലിന്‍ താമസിയാതെ 1973-ല്‍ ഡിഎംകെയുടെ ജനറല്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റാലിന്‍ പിന്‍ഗാമി യാകുമെന്ന് കരുണാനിധി വ്യക്തമാക്കിയിരുന്നു. 2017 ജനുവരി 4 ന് സ്റ്റാലിന്‍, ദ്രാവി‍ഡ മുന്നേറ്റ കഴകത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായി സ്റ്റാലിന്‍ ചുമതലയേറ്റു.

Related News