Loading ...

Home National

ഹിജാബ് വിവാദം തണുപ്പിക്കാന്‍ നടപടി എടുക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം

കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഹിജാബ് പ്രശ്‌നം തണുപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ണാടക പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയിലെ ഒരു കോളജിലുണ്ടായ ചെറിയ വിഷയം ലോകം മുഴുവന്‍ ചര്‍ച്ചയായതിന്റെ ഉത്തരവാദിത്തം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്കാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കര്‍ണാടകയിലെ ഹിജാബ് വിവാദം കോടതിയുടെ പരിഗണനയിലിരിക്കേ മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, അത്തരമൊരു നടപടി ഉദ്ദേശിക്കുന്നില്ലെന്ന തിരുത്തുമായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

അതിനിടെ, നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം പുകയുകയാണ്. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍ തന്നെ അധ്യാപകര്‍ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളുണ്ടായി. ആചാരത്തിന്റെ ഭാഗമായുള്ള കുറി തൊടല്‍ അനുവദിക്കാനാവില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.


കാവി ഷാളിനും ഹിജാബിനും മാത്രമാണ് നിരോധനമുള്ളതെന്നും കുറി തൊടുന്നതിന് ഒരു കോടതിയും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ വാദിച്ചു. തുടര്‍ന്ന് അധ്യാപകരുമായി വാക്കുതര്‍ക്കമുണ്ടായി. എന്നാല്‍ കുറി മായ്ച്ചാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്ന് അധ്യാപകര്‍ പറഞ്ഞു. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഇതോടെ ക്ലാസ് ബഹിഷ്‌കരിക്കുകയായിരുന്നു. അതിന് പിന്നാലെ പ്രതിഷേധവുമായി ബജറംഗ്ദള്‍ പ്രവര്‍ത്തകരും രംഗത്തെത്തി. അധ്യാപകരും ബജറംഗ്ദള്‍ പ്രവര്‍ത്തകരും തമ്മിലും വാക്കുതര്‍ക്കമുണ്ടായി.

കര്‍ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹൈക്കോടതി വിധി വൈകുന്ന ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ പല ഇടങ്ങളിലായി ഉണ്ടാവുന്നുണ്ട്.

Related News