Loading ...

Home National

തഞ്ചാവൂര്‍ കേസ് സി.ബി.ഐക്ക് വിട്ട് സുപ്രിംകോടതി

തഞ്ചാവൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി സി.ബി.ഐക്ക് കൈമാറി. കേസ് സി.ബി.ഐക്ക് കൈമാറുന്നത് ഒരു അഭിമാനപ്രശ്‌നമായി എടുക്കേണ്ടതില്ലെന്ന് സുപ്രിംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് വ്യക്തമാക്കി. സി.ബി.ഐക്ക് കേസ് കൈമാറണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. ഇതുവരെ ശേഖരിച്ച എല്ലാ തെളിവുകളും സി.ബി.ഐക്ക് കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൗണ്ടര്‍ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് രണ്ടാഴ്ച സമയവും നല്‍കിയിട്ടുണ്ട്.

ജനുവരി 19നാണ് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചത്. ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നുള്ള പീഡനത്തിനൊടുവിലാണ് തഞ്ചാവൂരില്‍ 12കാരി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്യിക്കാന്‍ ഹോസ്റ്റലില്‍ ശ്രമം നടന്നതായും ആക്ഷേപമുണ്ട്. പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം നടന്നുവെന്നതും സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം പുരോഗമിക്കവെ കേസ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് അതൃപ്തിയുള്ളതിനാലാണ് അവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Related News