Loading ...

Home National

കാറിന്‍റെ പിന്‍ഭാഗത്ത് മധ്യത്തിലിരിക്കുന്ന യാത്രക്കാര്‍ക്കും മൂന്ന് പോയന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍

കാറിന്‍റെ മുന്‍വശത്തിരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും വാഹനനിര്‍മ്മാതാക്കള്‍ മൂന്ന് പോയന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.കാറിന്റെ പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റുകള്‍ക്കും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ പുതിയ നിബന്ധന എന്നു മുതല്‍ നിലവില്‍ വരുമെന്നതിനെക്കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.

നിലവില്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന മിക്ക കാറുകളിലും മുന്‍ സീറ്റുകള്‍ക്കും രണ്ട് പിന്‍ സീറ്റുകള്‍ക്കും മാത്രമാണ് മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ നിര്‍മ്മിക്കാറുള്ളത്. പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റുകളില്‍ രണ്ട് പോയിന്റ് സീറ്റ് ബെല്‍റ്റോ അല്ലെങ്കില്‍ ലാപ് സീറ്റ് ബെല്‍റ്റോ മാത്രമേ നല്‍കാറുള്ളു. രാജ്യത്ത് ഓരോ വര്‍ഷവും നടക്കുന്ന അഞ്ച് ലക്ഷം റോഡപകടങ്ങളില്‍ 1.5 ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നും ബോധവത്ക്കരണങ്ങളിലൂടെ റോഡ് സുരക്ഷാ നടപടികളെക്കുറിച്ച്‌ വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗഡ്കരി പറഞ്ഞു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പ്രോട്ടോക്കോളും അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള സംവിധാനവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും വാഹന നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Related News