Loading ...

Home National

ഹിജാബ് വിവാദം; ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിയന്ത്രണത്തിനെതിരായ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി.ഉചിതമായ സമയത്ത് ഇടപെടാം. വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വ്യക്തമാക്കി.

ഹിജാബ് കേസില്‍ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകയിലെ ഒരു പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചത്.

കേസ് "ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍" ഉണ്ടാക്കുമെന്നും വിദ്യാര്‍ഥിനികള്‍ വര്‍ഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. അപ്പോഴാണ് ദയവായി ഇത് വലിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്- 'എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ചിന്തിക്കൂ, ഇത് ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത് ഉചിതമാണോ? ദേശീയ തലത്തില്‍? എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഞങ്ങള്‍ നോക്കും".

ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചില്‍ തിങ്കളാഴ്ചയും വാദം തുടരും. സ്കൂളുകളും കോളജുകളും തുറക്കാനും ഹിജാബ് കേസിലെ വിധി വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും കോടതി ഇന്നലെ നിര്‍ദേശം നല്‍കി. വാദങ്ങള്‍ക്കിടയിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും വിധി വരുന്നത് വരെ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. കര്‍ണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി ഉള്‍പ്പെട്ട മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Related News