Loading ...

Home National

ഹ്യുണ്ടായ്‍-കശ്മീര്‍ വിവാദം; കൊറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ


ഹ്യുണ്ടായ് കാര്‍ കമ്ബനിയുടെ പാകിസ്ഥാനിലെ ട്വിറ്റര്‍ പേജില്‍ കശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളുമായി ഇന്ത്യ.ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യയിലുള്ള ദക്ഷിണ കൊറിയയുടെ അംബസാഡറായ ചാങ് ജെയ്-ബോകിനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഫെബ്രുവരി  അഞ്ചിന് കശ്മീര്‍ ഐക്യദാര്‍ഡ്യ ദിനത്തിലായിരുന്നു വിവാദമായ കശ്മീരിനെക്കുറിച്ചുള്ള പോസ്റ്റ് ഹ്യൂണ്ടായ് പാകിസ്ഥാന്‍ ട്വിറ്റര്‍ പേജില്‍ വന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയത്തിലെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയുടെ ദേശീയതയെ ചോദ്യം ചെയ്യുന്ന വിഷയത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച്‌ ദക്ഷിണ കൊറിയന്‍ പ്രതിനിധിയെ ബോധ്യപ്പെടുത്തിയതായും അരിന്ദം ബാഗ്ചി പറഞ്ഞു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിലെ ഇന്ത്യന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ ഹ്യുണ്ടായ് അന്താരാഷ്ട്ര ആസ്ഥാനത്ത് ഫോണില്‍ ബന്ധപ്പെടുകയുണ്ടായി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ദക്ഷിണ കൊറിയയിലെ സര്‍ക്കാര്‍ പ്രതിനിധികളുമായും ഇന്ത്യന്‍ അംബാസഡര്‍ ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പാകിസ്താന്‍ ഐക്യദാര്‍ഢ്യ ദിനമായ ഫെബ്രുവരി അഞ്ചിനാണ് വിവാദ ട്വീറ്റ് ഹ്യൂണ്ടായുടെ പാകിസ്ഥാന്‍ ഡീലര്‍ പങ്കുവെച്ചത്: "കശ്മീരി സഹോദരന്മാരുടെ ത്യാഗങ്ങള്‍ ഓര്‍മ്മിക്കാം. സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ കഷ്ടപ്പെടുമ്ബോള്‍ അവര്‍ക്ക് പിന്തുണയുമായി നില്‍ക്കാം" - ഇതായിരുന്നു വിവാദ ട്വീറ്റ്. ഈ ട്വീറ്റിനൊപ്പം ദാല്‍ തടാകത്തിലെ ബോട്ടിന്‍റെ ചിത്രവും കശ്മീര്‍ എന്ന പദത്തിനുള്ളിലൂടെ ഒരു മുള്ളുവേലി തുളച്ചുകയറിപ്പോകുന്ന ചിത്രവും പങ്കുവെച്ചിരുന്നു.

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചുങ് ഇയു യോങ് ഖേദം പ്രകടിപ്പിച്ചിരുന്നു.

Related News