Loading ...

Home National

രണ്ട്‌ സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 17കാരന്‍ കൊല്ലപ്പെട്ടു; ജാര്‍ഖണ്ഡില്‍ സംഘര്‍ഷാവസ്ഥ

ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 17കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുന്നു.നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. രോഷാകുലരായ ജനക്കൂട്ടം ആറ് വാഹനങ്ങള്‍ കത്തിച്ചു. ആള്‍ക്കൂട്ട ആക്രമണ നിയമ പ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൊല്ലപ്പെട്ട രൂപേഷ് കുമാര്‍ പാണ്ഡെയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം കരിയാദ്പൂര്‍ ഗ്രാമത്തില്‍ സരസ്വതി പൂജയ്ക്ക് ശേഷമുള്ള നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് രൂപേഷ് കുമാര്‍ പാണ്ഡെ മരിക്കുന്നത്. എന്നാല്‍ നിമജ്ജന ഘോഷയാത്രയുമായി ഇതിന് ബന്ധമില്ലെന്ന് ഹസാരിബാഗ് പോലീസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ പി.ടി.ഐയോട് പറഞ്ഞു. ഇത് വര്‍ഗീയമായ സംഭവമല്ല.മുമ്ബ് നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ഇതും നടന്നത്. ആകസ്മികമായി മര്‍ദ്ദിച്ചയാളും മരിച്ചയാളും വ്യത്യസ്തവിഭാഗങ്ങളില്‍ പെട്ടവരായിരുന്നെന്നും എസ്.പി പറഞ്ഞു. 27 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നാലുപേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

ജില്ലയുടെ സാമുദായിക സ്വഭാവം കണക്കിലെടുത്ത് ജില്ലയിലും കോഡെര്‍മ, ഗിരിദിഹ്, ഛത്ര, രാംഗഡ്, ബൊക്കാറോ എന്നിവിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ചോതേ പറഞ്ഞു. കരിയാദ്പൂര്‍ ഗ്രാമത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. എസ്പിയും ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണറും ആദിത്യ കുമാര്‍ ആനന്ദും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ഹസാരിബാഗ് ജില്ലാ ഭരണകൂടം ബന്ധുക്കള്‍ക്ക് 20,000 രൂപ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു, കൂടാതെ കുട്ടിയുടെ അമ്മയ്ക്കും പിതാവിനും ആജീവനാന്ത പെന്‍ഷന്‍ 6,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News