Loading ...

Home National

മണിപ്പൂർ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാതെ ബിജെപി

മണിപ്പൂരിൽ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാതെ ബിജെപി. ഊഹാപോഹങ്ങൾക്കിടയിൽ അനൗദ്യോഗിക ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഒറ്റയടിക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണോ, ഘട്ടം ഘട്ടമായി പ്രഖ്യാപിക്കണോ എന്നതിനെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ബിജെപി മണിപ്പൂർ പ്രദേശ് പ്രസിഡന്റ് എ ശാരദാ ദേവി അറിയിച്ചു.

ജനുവരി 25-ന് മുഖ്യമന്ത്രി എൻ ബീരനും മന്ത്രി ടി ബിശ്വജിത്തും സംസ്ഥാന ബിജെപി അധ്യക്ഷ എ ശാരദാദേവിയും ന്യൂഡൽഹിയിൽ നിന്ന് ഇംഫാലിലേക്ക് മടങ്ങിയ ദിവസം ലിസ്റ്റ് നൽകുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ജനുവരി 27 ന് ലിസ്റ്റ് നൽകുമെന്ന് സംഗായ് എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ 48 മണിക്കൂർ കഴിഞ്ഞിട്ടും ലിസ്റ്റ് ഇതുവരെ നൽകിയിട്ടില്ല. 60 അസംബ്ലി മണ്ഡലങ്ങളിലെയും സീറ്റ് വിഭജനത്തിൽ തർക്കമില്ലെന്ന് അവകാശപ്പെട്ട ബി.ജെ.പി മേധാവി, മുഖ്യമന്ത്രിയും ടി ബിശ്വജിത്തും ചേർന്ന് സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ന്യൂഡൽഹിയിലെ ഹെഡ് ഓഫീസിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പാർട്ടി ചില വനിതാ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അവർ അറിയിച്ചു.

ഫെബ്രുവരി 27നും മാർച്ച് 3നുമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാന ബിജെപി ഓഫീസ് കനത്ത സുരക്ഷയിലാണ്. ബിജെപി ഓഫീസിലെ സുരക്ഷാ ക്രമീകരണങ്ങൾ വിശദമാക്കി തൗബൽ പൊലീസ് എസ്പി ഉത്തരവ് പുറപ്പെടുവിച്ചു.

Related News