Loading ...

Home National

ഗോവ നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാർട്ടി

ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടി. അധികാരത്തില്‍ തിരിച്ച് വരാന്‍ കഠിനപ്രയ്തനം നടത്തുന്ന കോണ്‍ഗ്രസ് റിപ്പബ്ലിക്കൻ പാർട്ടിയുമായി ഏറെകാലമായി അടുത്ത ബന്ധമാണ് പുലർത്തുന്നത്. സംസ്ഥാനത്തെ അധികാരത്തില്‍ നിന്നും ബി ജെ പി സർക്കാരിനെ പുറത്താക്കാനുള്ള പോരാട്ടത്തില്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനായിരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാർട്ടി നേതാക്കള്‍ അറിയിച്ചു.

ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് പി സി സി നേതൃത്വവും രംഗത്ത് എത്തി. ഇരുപാർട്ടി നേതൃത്വവും തമ്മില്‍ ചർച്ച നടത്തിയതിന് ശേഷം സംയുക്ത വാർത്താസമ്മേളനം വിളിച്ചു ചേർത്തായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ പാർട്ടി സുപ്രധാനമായ ചില കാര്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പില്‍ പാർട്ടി അധികാരത്തിലെത്തിയാല്‍ അക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.ഗോവയിൽ ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിക്ക് 16 മണ്ഡലങ്ങളിൽ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച് പെർനെം, മാൻഡ്രെം, ടിവിം, സിയോലിം, അൽഡോണ എന്നിവിടങ്ങളിലാണ് കൂടുതല്‍ സജീവ അംഗങ്ങളുള്ളത്. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിർണയിക്കുന്നതില്‍ ഇവരുടെ പിന്തുണ നിർണായകമായിരിക്കുമെന്ന് ഗോവ പി സി സി അധ്യക്ഷന്‍ ഗീരീഷ് ചോഡങ്കർ അഭിപ്രായപ്പെട്ടു.

അധികാരത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുക, കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി അഹോരാത്രം പ്രയ്തനിക്കണമെന്ന ലക്ഷ്യമാണ് അവർക്കും ഞങ്ങള്‍ക്കും ഉള്ളത്. ആ ലക്ഷ്യ പൂർത്തീകരണത്തിനായി നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ച് അധികാരത്തില്‍ തിരിച്ച് വരുമെന്നും അദ്ദേഹം പറഞ്ഞു.

പി സി സി അധ്യക്ഷനൊപ്പം ഓൾ ഇന്ത്യ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അധ്യക്ഷന്‍ ദിയനേശ്വർ വർഖണ്ഡ്കറും പങ്കെടുത്തിരുന്നു. ബി ജെ പിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ ഞങ്ങള്‍ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്ന് വർഖണ്ഡ്കർ പറഞ്ഞു. “കോൺഗ്രസ് ഒരു മതേതര പാർട്ടിയാണ്, ഗോവയിലെ ജനങ്ങൾക്ക് വേണ്ടി എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്.” തങ്ങളുടെ ആവശ്യങ്ങൾ കോൺഗ്രസുമായി ചർച്ച ചെയ്തു.- അദ്ദേഹം കൂട്ടിച്ചേർത്തു.

Related News