Loading ...

Home National

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 35 പാക് യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധവും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇന്‍റര്‍നെറ്റിലൂടെ ഇന്ത്യാ വിരുദ്ധ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് എന്നിവയും നിരോധിച്ചിട്ടുണ്ട്.

ബ്ലോക്ക് ചെയ്‌ത യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് മൊത്തം ഒരു കോടി 20 ലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ വീഡിയോകള്‍ 130 കോടിയിലധികം വ്യൂ ആണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്.2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടം 16 പ്രകാരം പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകള്‍ അനുസരിച്ച്‌, പാകിസ്ഥാന്‍ അടിസ്ഥാനമാക്കിയുള്ള ഈ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നുവെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ് പറയുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിനെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രാലയം ബ്ലോക്ക് ചെയ്ത 35 അക്കൗണ്ടുകളും പാകിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവയാണ്. ഇവ വ്യാജ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്‌വര്‍ക്ക്, 13 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തല്‍ഹ ഫിലിംസ് നെറ്റ്‌വര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നാല് ചാനലുകളുടെ ഒരു ശൃംഖലയും മറ്റ് രണ്ട് ചാനലുകളുടെ ഒരു ശൃംഖലയും പരസ്പരം സമന്വയത്തില്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി.

ഈ ശൃംഖലകളെല്ലാം ഇന്ത്യയെ കുറിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റ ശൃംഖലയുടെ ഭാഗമായ ചാനലുകള്‍ പൊതുവായ ഹാഷ്‌ടാഗുകളും എഡിറ്റിങ് ശൈലികളും ആണ് ഉപയോഗിക്കുന്നത്. ഒരേ വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ഈ ചാനലുകള്‍ പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്‍ ടിവി വാര്‍ത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകള്‍ നടത്തിയിരുന്നത്.നിരോധിച്ച യുട്യൂബ് ചാനലുകള്‍, വെബ്‌സൈറ്റുകള്‍, മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ എന്നിവ ഇന്ത്യയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെക്കുറിച്ച്‌ ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാകിസ്ഥാന്‍ ഉപയോഗിച്ചു. ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.അന്തരിച്ച മുന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകള്‍ വഴി വ്യാപകമായ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ യുട്യൂബ് ചാനലുകള്‍ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരായ ഉള്ളടക്കം പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നു.

വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കാനും, ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിക്കാനും, ഇന്ത്യന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഉള്ളടക്കം അടങ്ങുന്ന പരിപാടികള്‍ ഈ ചാനലുകള്‍ പ്രചരിപ്പിച്ചു. രാജ്യത്തെ പൊതു സമാധാനത്തെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിഞ്ഞേക്കാം എന്ന് ആശങ്കയുണ്ടായിരുന്നു.ഇന്ത്യാ വിരുദ്ധ വ്യാജ വാര്‍ത്താ ശൃംഖലകള്‍ക്കെതിരെ, 2021 ഡിസംബറില്‍ 2021-ലെ ഐടി ചട്ടങ്ങളുടെ കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ ആദ്യമായി ഉപയോഗിച്ച്‌ കേന്ദ്രം 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരുന്നു.


Related News