Loading ...

Home National

യു.പിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്‍കി പ്രിയങ്ക ഗാന്ധി

ലഖ്നോ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന നല്‍കി കോണ്‍​ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.വെള്ളിയാഴ്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാരാകുമെന്ന ചോദ്യത്തിന് പ്രിയങ്ക നല്‍കിയ മറുപടിയാണ് ഈ സൂചനകള്‍ നല്‍കുന്നത്.'യു.പിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റാരുടെയെങ്കിലും മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എല്ലായിടത്തും നിങ്ങള്‍ക്ക് എന്റെ മുഖം കാണാം'-പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോണ്‍ഗ്രസ് 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വനിതയാകുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

കോണ്‍ഗ്രസ് ഒറ്റക്കാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വെള്ളിയാഴ്ച യുവജന പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

യുവാക്കള്‍ക്ക് 20 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയില്‍ ഒഴിഞ്ഞുകിടക്കുന്ന 1.5ലക്ഷം അധ്യാപക തസ്തികകള്‍ നികത്തുമെന്ന് പറയുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. സംസ്ഥാനത്ത് ഓരോ മണിക്കൂറിലും 880ഓളം യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു. 16 ലക്ഷം യുവാക്കള്‍ക്ക് ഇത്തരത്തില്‍ തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'പുതിയ യു.പി സൃഷ്ടിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. യുവത്വമാണ് ശക്തി' -രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍​ഗ്രസ് പാര്‍ട്ടി ഒരിക്കലും സംസ്ഥാനത്ത് വിദ്വേഷം പ്രചരിപ്പിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കും. യുവജനങ്ങളുടെ ശക്തിയില്‍ ഞങ്ങള്‍ പുതിയ യു.പി സൃഷ്ടിക്കും. യു.പിയിലെ യുവജനങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അവ നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നേരത്തേ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടായിരുന്നു പ്രകടന പത്രിക. സംസ്ഥാനത്ത് 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി കോണ്‍​ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഏഴ് ഘട്ടങ്ങളിലായാണ് യു.പിയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10ന് ആരംഭിച്ച്‌ മാര്‍ച്ച്‌ ഏഴിന് അവസാനിക്കും. മാര്‍ച്ച്‌ 10ന് വോട്ടെണ്ണും.

Related News