Loading ...

Home Education

സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍

സംസ്ഥാനത്ത് ഒന്നുമുതല്‍ 9 വരെയുളള സ്‌കൂള്‍ ക്ലാസുകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ ഓഫ്ലൈന്‍ ആയി തന്നെ തുടരാനാണ് നിലവിലെ തീരുമാനം. കോളജുകളും അടക്കില്ല.

അതിതീവ്ര വ്യാപനമുള്ള സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും, ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകളും പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. നിലവില്‍ ഈ കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല. ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായി. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനങ്ങള്‍. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇവിടങ്ങളില്‍ എല്ലാ പൊതുപരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. ആരാധനാ ചടങ്ങുകള്‍ അടക്കം ഓണ്‍ലൈനായി മാത്രമാകും നടത്തുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളില്‍ പൊതുപരിപാടികള്‍ പാടില്ല.

Related News