Loading ...
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളില്‍ സിന്‍ഡിക്കേറ്റിനും ഭരണകക്ഷിക്കും വേണ്ടപ്പെട്ടവരെ നിയമിക്കാന്‍ വ്യവസ്ഥകളിലും ചട്ടങ്ങളിലും മാറ്റംവരുത്തിയതായി പരാതി.
വിജ്ഞാപനത്തിന് മുമ്ബ് ഇന്റര്‍വ്യൂ മാനദണ്ഡം നിശ്ചയിക്കണമെന്ന കോടതിവിധികളും യു.ജി.സി 2018ല്‍ പുറത്തിറക്കിയ വ്യവസ്ഥകളും അവഗണിച്ചാണ് ഈ നീക്കം. സ്വന്തക്കാര്‍ക്ക് നിയമനം ലഭിക്കാന്‍ പാകത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നടത്തുന്ന ഇന്റര്‍വ്യൂ അടിയന്തരമായി നിര്‍ത്താന്‍ നിര്‍ദേശം നല്‍കണമെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
2019 ഡിസംബര്‍ 31നാണ് കാലിക്കറ്റില്‍ അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 15 ആയിരുന്നു. പിന്നീട് അപേക്ഷകള്‍ വിശദമായി പരിശോധിച്ചശേഷം വേണ്ടപ്പെട്ടവരുടെ നിയമനത്തിനായി യു.ജി.സിയെ മറികടന്ന് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളാണുയരുന്നത്. പത്ത് ബുക്കുകളുടെ പബ്ലിക്കേഷനുള്ള ഉദ്യോഗാര്‍ഥിക്കും ഒരു പബ്ലിക്കേഷനുള്ളവര്ക്കും ഒരേ മാര്‍ക്ക് നേടുന്ന തരത്തിലാണ് വ്യവസ്ഥകളിലെ പ്രധാന മാറ്റം.
മാര്‍ക്ക് കുറഞ്ഞ, സ്വന്തക്കാരായ അപേക്ഷകര്‍ക്ക് നിയമനം നല്കാന് കഴിയും. പ്രൊജക്ട്, കോണ്‍ഫറന്‍സ് പേപ്പര്‍, തിസീസ് പ്രൊഡക്ഷന്‍ എന്നീ ഇനത്തിലും ഇതേ രീതിയാണ്. വിവിധ ഇനങ്ങളില്‍ നാല് പോയന്റ് നേടിയ ഉദ്യോഗാര്‍ഥിയും 150 പോയന്റുള്ളവരും നാല് മാര്‍ക്ക് നേടുന്ന അവസ്ഥയാണെന്നും പരാതിയുണ്ട്. അസോസിയേറ്റ് പ്രഫസര്‍, പ്രഫസര്‍ തസ്തികകളിലേക്ക് ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഇന്‍ഡക്സ് മാര്‍ക്കുകള്‍ കണക്കാക്കിയതിനുശേഷം സ്വന്തക്കാരെ തെരഞ്ഞെടുക്കുന്നതിനായി 2021 ഫെബ്രുവരി 19ന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ക്ക് വൈസ് ചാന്‍സലര്‍ അംഗീകാരം നേടുകയായിരുന്നുവെന്ന് പ്രതിപക്ഷ സിന്‍ഡിക്കേറ്റംഗമായ ഡോ. റഷീദ് അഹമ്മദ് ആരോപിക്കുന്നു.
നിയമന വിജ്ഞാപനം പുറത്തിറക്കിയതിനുശേഷം മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ പാടില്ല എന്ന സുപ്രീംകോടതിയുടേതുള്െപ്പടെ നിരവധി വിധികള്‍ അവഗണിച്ചായിരുന്നു സിന്ഡിക്കേറ്റിെന്റ തീരുമാനം. 29 അസോസിയറ്റ് പ്രഫസര്‍മാരെയും 24 പ്രഫസര്മാരെയുമാണ് നിയമിക്കാനൊരുങ്ങുന്നത്. നിലവില്‍ നടത്തിയ എല്ലാ അഭിമുഖങ്ങളും റദ്ദാക്കണമെന്നും യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് പുതിയ ഇന്റര്‍വ്യൂ നടത്തണമെന്നും നടപടികള്‍ തുടര്‍ന്നാല്‍ കോടതിയെ സമീപിക്കുമെന്നും റഷീദ് അഹമ്മദ് പറഞ്ഞു.