Loading ...

Home National

കിഴക്കന്‍ ലഡാക്കിൽ ചൈനീസ് പാലം നിര്‍മാണം പുരോഗമിക്കുന്നു-പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്കരികില്‍ ചൈനയുടെ പാലം നിര്‍മാണം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. പാങ്കോങ് തടാകത്തിനു കുറുകെയുള്ള പാലത്തില്‍ ഇതിനകം 400 മീറ്റര്‍ നീളത്തില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.നിര്‍മാണം പൂര്‍ത്തിയായാല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയ്ക്ക് വലിയ സൈനിക മേധാവിത്വം നല്‍കുന്നതായിരിക്കും പാലം.

പാങ്കോങ് തടാകത്തിന്റെ വടക്ക് കരയിലുള്ള ചൈനീസ് സൈനികതാവളത്തിന്റെ ദക്ഷിണ ഭാഗത്തായാണ് പാലം നിര്‍മിക്കുന്നത്. സൈനികതാവളത്തിനടുത്തായി ആശുപത്രികളും മറ്റു സൈനിക സജ്ജീകരണങ്ങളുമെല്ലാമുണ്ട്. 2020ല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ സംഘര്‍ഷം നിലനിന്ന മേഖല കൂടിയാണിത്.കഴിഞ്ഞ ദിവസം പുറത്തുവന്ന സാറ്റലൈറ്റ് ചിത്രത്തില്‍ നിര്‍മാണത്തൊഴിലാളികള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ തൂണുകള്‍ക്കുമേല്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ബന്ധിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്. ചിത്രത്തില്‍നിന്ന് മനസിലാകുന്നതു പ്രകാരം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകും.

ദ പ്രിന്റ് വാര്‍ത്താപോര്‍ട്ടലാണ് ഈ മാസം ആദ്യത്തില്‍ പാങ്കോങ്ങിലെ ചൈനീസ് പാലം നിര്‍മാണം പുറത്തുവിട്ടത്. പാലം സജ്ജമാകുന്നതോടെ തടാകത്തിന്റെ ഇരുകരകളിലേക്കും ചൈനീസ് സൈനികര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനാകുമെന്ന ഭീഷണി ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തുന്നുണ്ട്. പാങ്കോങ് തതകത്തിന്റെ വടക്കന്‍ കരയില്‍നിന്ന് റുതോങ്ങിലെ തങ്ങളുടെ സൈനികതാവളത്തിലെത്താന്‍ നേരത്തെ ചൈനീസ് സൈനികര്‍ക്ക് 200 കി.മീറ്റര്‍ ദൂരം ചുറ്റിക്കറങ്ങേണ്ടിവന്നിരുന്നു. പാലം സജ്ജമാകുന്നതോടെ അത് 150 കി.മീറ്ററായി കുറയും.

60 വര്‍ഷങ്ങള്‍ക്കുമുന്‍പ് ചൈന അനധികൃതമായി പിടിച്ചടക്കിയ മേഖലയിലാണ് പാലം നിര്‍മാണം നടക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.

ദോക്‌ലാമിലെ ചൈനീസ് കൈയേറ്റം

ഇന്ത്യന്‍-ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ ദോക്ലാമില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയും ചൈനയുടെ പുതിയ നിര്‍മാണങ്ങള്‍ നടക്കുന്നതായി ദിവസങ്ങള്‍ക്കുമുന്‍പ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂട്ടാനുമായി നേരത്തെ തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിമേഖലയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഇവിടെ രണ്ടുനില കെട്ടിടങ്ങള്‍ അടക്കം 200ലേറെ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. യുഎസ് ഡാറ്റ വിശകലന കമ്ബനിയായ 'ഹോക്ക്‌ഐ' 360 ആണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 2020 മുതല്‍ തന്നെ ഇവിടെ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഇതിന്റെ വേഗം കൂടുകയും ചെയ്തിട്ടുണ്ട്.

തദ്ദേശീയരുടെ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍മാണപ്രവൃത്തികള്‍ മാത്രമാണ് മേഖലയില്‍ നടക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ ഭൂട്ടാന്‍ വിസമ്മതിച്ചു. അതിര്‍ത്തി വിഷയങ്ങളെക്കുറിച്ച്‌ പൊതുമധ്യത്തില്‍ സംസാരിക്കാതിരിക്കല്‍ തങ്ങളുടെ നയമാണെന്ന് ഭൂട്ടാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ചൈനയുടെ അവകാശവാദത്തിനപ്പുറം കൂടുതല്‍ തന്ത്രപരമായ പ്രാധാന്യമുള്ളതാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മാണപ്രവൃത്തികളെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. ദോക്ലാമില്‍നിന്ന് ഒന്‍പതു മുതല്‍ 27 വരെ കി.മീറ്റര്‍ ദൂരത്താണ് നിര്‍മാണം നടക്കുന്ന ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. 2017ല്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ രണ്ടു മാസത്തോളം നീണ്ട സംഘര്‍ഷ നടന്ന പ്രദേശമാണ് ദോക്ലാം. ഭൂട്ടാനിലെ നിര്‍മാണപ്രവൃത്തികളെക്കുറിച്ച്‌ പ്രതികരിക്കാന്‍ ഇന്ത്യയും തയാറായിട്ടില്ല.

Related News