Loading ...

Home National

താജ്മഹല്‍ കാണാന്‍ ടിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴി മാത്രം

ലോകാത്ഭുതങ്ങളില്‍പ്പെട്ട താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ ടിക്കറ്റ് ഓണ്‍ലൈനായി എടുക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു.കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ കോമ്ബൗണ്ടിലേക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ നിര്‍ത്തലാക്കിയിരുന്നു.

എ.എസ്.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. താജ്മഹല്‍ കോമ്ബൗണ്ടില്‍ പ്രവേശിക്കാന്‍ 45 രൂപയും ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും ഭാര്യ മുംതാസ് മഹലിന്റേയുമടക്കം ഖബറുകള്‍ ഉള്ള മൊസോളിയം (താജ്മഹല്‍ കെട്ടിടം) സന്ദര്‍ശിക്കാന്‍ 200 രൂപയുമാണ് ഫീസ്. മൊസോളിയം അടക്കം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈനായി 245 രൂപയുടെ ടിക്കറ്റെടുക്കണം.

പുറത്തുള്ള കൗണ്ടറുകള്‍ നിര്‍ത്തലാക്കിയെങ്കിലും മൊസോളിയത്തിലേക്ക് ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍, താജ് കോമ്ബൗണ്ടിലെ ജാസ്മിന്‍ ഫ്‌ളോറില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈനായി 45 രൂപയുടെ ടിക്കറ്റ് മാത്രമെടുത്തവര്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇവിടെ നിന്ന് ടിക്കറ്റെടുക്കാം. ഓണ്‍ലൈനായി ടിക്കറ്റെടുക്കുമ്ബോള്‍ പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി തുടങ്ങി ഏതെങ്കിലുമൊരു ഔദ്യോഗിക രേഖയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം.

താജ്മഹലിനു പുറമെ ആഗ്രയിലെ കോട്ട, അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ഫത്തേപൂര്‍ സിക്രി, ഇതിമാദുദ്ദൗല ടോമ്ബ്, മറിയം ടോമ്ബ്, മെഹ്താബ് ബാഗ്, റാം ബാഗ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകളും എ.എസ്‌ഐ വെബ്‌സൈറ്റില്‍ നിന്ന് എടുക്കാം. ഇതിനു പുറമെ ഡല്‍ഹി, ചെന്നൈ, ചണ്ഡിഗഡ്, ഭുവനേശ്വര്‍, ഭോപാല്‍, ബെംഗളുരു, ഔറംഗാബാദ്, അമരാവതി തുടങ്ങിയ നഗരങ്ങളില്‍ എ.എസ്.ഐയുടെ നിയന്ത്രണത്തിലുള്ള ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകളും ഓണ്‍ലൈനായി ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ്: https://asi.payumoney.com/

Related News