Loading ...

Home National

ഗഗന്‍യാനും ചന്ദ്രയാനും പിന്നാലെ ശുക്രനിലേക്ക് കുതിക്കാന്‍ ഐ.എസ്.ആര്‍.ഒ

ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗഗന്‍യാന്‍ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ചെയര്‍മാന്‍ കെ.ശിവന്‍.പുതുവത്സര സന്ദേശത്തിലാണ് ആവേശകരമായ വാര്‍ത്ത ചെയര്‍മാന്‍ പങ്കുവെച്ചത്.

ഗഗന്‍യാന്‍ അതിന്റെ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിനായി ഹ്യൂമന്‍ റേറ്റഡ് എല്‍ 110 വികാസ് എഞ്ചിന്‍,ക്രയോജനിക് സ്‌റ്റേജ്, ക്രൂ എസ്‌കേപ് സിസ്റ്റം, മോട്ടോര്‍ ആന്റ് സര്‍വീസ് മൊഡ്യൂള്‍ പാരച്യൂട്ട് ഡ്രോപ് സിസ്റ്റം എന്നിവ പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.ബഹിരാകാശയാത്രികര്‍ റഷ്യയില്‍ ബഹിരാകാശ പറക്കല്‍ പരിശീലനം പൂര്‍ത്തിയാക്കിയതായും കെ.ശിവന്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന് മുമ്ബ് ആദ്യത്തെ ആളില്ലാ ദൗത്യം ആരംഭിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. ഇത് പാലിക്കാനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന വിശ്വാസവും ഞങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗഗന്‍യാന്‍ തയ്യാറാക്കുന്നതിനു പുറമേ, 2022-ല്‍ നിരവധി ദൗത്യങ്ങള്‍ ഐ.എസ്.ആര്‍.ഒയുടെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുക്രനിലേക്കുള്ള ദൗത്യം. ദിശ, ഇരട്ട എയറോണമി സാറ്റലൈറ്റ് മിഷന്‍, വീനസ് മിഷന്‍, ഐഎസ്‌ആര്‍ഒക്‌നെസ്, സംയുക്ത ശാസ്ത്ര ദൗത്യമായ തൃഷ്ണ തുടങ്ങിയ ദൗത്യങ്ങളെല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗരദൗത്യമായ ആദിത്യ എല്‍.1 എന്ന ബഹിരാകാശ പേടകത്തിന്റെ ഹാര്‍ഡ് വെയര്‍ ലൂപ്പ് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഭൗമോപരിതലത്തിലെ താപനില കൃത്യമായി മാപ്പിംഗ് ചെയ്യുന്നതാണ് തൃഷ്ണ ദൗത്യമെന്ന് ചെയര്‍മാന്‍ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ -3 ന്റെ രൂപഘടനയില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷണത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും (മംഗള്‍യാനും) പ്രവര്‍ത്തനക്ഷമമാണ്. കൊറോണയുടെ വ്യാപനവും തുടര്‍ച്ചയായ ലോക്ഡൗണുമെല്ലാം കഴിഞ്ഞ വര്‍ഷം ഐ.എസ്.ആര്‍.ഒയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം അതിനെയെല്ലാം അതിജീവിച്ച്‌ കൂടുതല്‍ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തില്‍ വ്യക്തമാക്കി.

Related News