Loading ...

Home National

നേരത്തേയുള്ള അസുഖത്തിന്റെ പേരില്‍ മെഡിക്ലെയിം നിഷേധിക്കാനാവില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: പോളിസി എടുക്കുന്ന സമയത്ത് ഉണ്ടായിരുന്ന അസുഖത്തിന്റെ പേരില്‍ മെഡിക്ലെയിം ഇന്‍ഷുറന്‍സ് നിരസിക്കാന്‍  കമ്പനികള്‍ക്കാവില്ലെന്ന് സുപ്രീം കോടതി.പോളിസി എടുക്കുന്നവര്‍ സ്വന്തം അറിവില്‍പ്പെട്ട അസുഖ വിവരങ്ങള്‍ കമ്പനിയെ അറിയിക്കാന്‍ ബാധ്യസ്ഥരാണെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധിന്യായത്തില്‍ വ്യക്തമാക്കി.അമേരിക്കന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം വന്നതിനു ചികിത്സിച്ച ചെലവ് നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

പോളിസി എടുക്കുന്നവര്‍ക്ക് തങ്ങളുടെ അറിവില്‍പ്പെട്ട വിവരങ്ങള്‍ മാത്രമേ, പോളിസി എടുക്കുന്ന സമയത്ത് കമ്പനിയെ അറിയിക്കാനാവൂ എന്ന് കോടതി പറഞ്ഞു. അറിവില്‍പ്പെട്ട വസ്തുതകള്‍ പൂര്‍ണമായും കമ്പനിയെ അറിയിക്കാന്‍ പോളിസി ഉടമയ്ക്കു ബാധ്യതയുണ്ട്. പോളിസി ഉടമയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പോളിസി നല്‍കിയ ശേഷം ക്ലെയിം നിഷേധിക്കാന്‍ കമ്പനിക്കു കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

മെഡിക്ലെയിം നിഷേധിച്ചതിനെതിരെ നല്‍കിയ പരാതി ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നല്‍കിയതിനെതിരെ മന്‍മോഹന്‍ നന്ദ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍നിന്നാണ് നന്ദ പോളിസി വാങ്ങിയിരുന്നത്. യുഎസ് യാത്രയ്ക്കിടെ എയര്‍പോര്‍ട്ടില്‍ വച്ച്‌ ഹൃദയാഘാതം വന്ന നന്ദയെ അവിടെത്തന്നെ ചികിത്സയ്ക്കു വിധേയനാക്കി. ഇതിനു ക്ലെയിം ചെയ്തപ്പോള്‍ നന്ദയ്ക്ക് നേരത്തെ കൊളസ്‌ട്രോളും പ്രമേഹവും ഉണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി നിഷേധിക്കുകയായിരുന്നു. രോഗവിവരങ്ങള്‍ മറച്ചുവച്ചാണ് നന്ദ പോളിസി എടുത്തതെന്നും കമ്ബനി പറഞ്ഞു. കമ്ബനിയുടെ വാദം അംഗീകരിച്ചാണ് ഉപഭോക്തൃ കമ്മിഷന്‍ വിധി പറഞ്ഞത്.എന്നാല്‍ ക്ലെയിം നിഷേധിച്ച നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായ ആരോഗ്യ സാഹചര്യങ്ങളില്‍ക്കൂടി സഹായം ലഭിക്കാനാണ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതെന്ന് കോടതി പറഞ്ഞു.

Related News