Loading ...

Home National

ഭീകരരുടെ ഭീഷണിയെത്തുടര്‍ന്ന് അടച്ചിട്ടു ; മുപ്പത് വര്‍ഷത്തിനു ശേഷം മണികള്‍ മുഴക്കി കശ്മീരിലെ സെന്റ് ലൂക്ക് പള്ളി

ശ്രീനഗര്‍ ; കശ്മീര്‍ ഭീകരരുടെ ഭീഷണിയില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അടച്ചിടേണ്ടിവന്ന സെന്റ് ലൂക്ക് ദേവാലയത്തില്‍ വീണ്ടും പള്ളിമണി മുഴങ്ങി.125 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷുകാര്‍ കശ്മീരില്‍ നിര്‍മ്മിച്ച ദേവാലയമാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവീകരിച്ചത്. ക്രിസ്തുമസ് ദിനത്തിന് മുന്നോടിയായി ദേവാലയം വീണ്ടും തുറന്നപ്പോള്‍ ക്രിസ്തുമത വിശ്വാസികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് സഫലമായത്.

ശ്രീനഗറിലെ ദാല്‍ഗേറ്റില്‍ ശങ്കരാചാര്യ കുന്നുകളുടെ താഴ്‌വരയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ദേവാലയത്തില്‍ നിന്നും നോക്കിയാല്‍ ശ്രീനഗറിലൂടെ ഒഴുകുന്ന മനോഹരമായ ദാല്‍ തടാകം കാണാം. 1896 ബ്രിട്ടീഷ് ഭരണകാലത്താണ് ഡോ. നീവ് സഹോദങ്ങളായ ഏണസ്റ്റ് നീവ്, ഡോ. ആര്‍തര്‍ നീവ എന്നിവരാണ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത്. 1874 ല്‍ ചര്‍ച്ച്‌ മിഷണറി സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് നിര്‍മ്മിച്ച കശ്മീര്‍ മിഷന്‍ ആശുപത്രിയിലെ ആദ്യത്തെ ഡോക്ടര്‍മാരായിരുന്നു നീവ് സഹോദരന്മാര്‍.

പളളിയുടെ ശിലാസ്ഥാപനത്തിനായി കൊത്തിയെടുത്ത കല്ല് ഇപ്പോഴും ദേവാലയത്തിന്റെ ചുവരിലുണ്ട്. 'ദൈവത്തിന് വേണ്ടി കശ്മീര്‍ സാക്ഷിയായി ലഹോറിലെ ബിഷപ്പ് സമര്‍പ്പിക്കുന്നു' എന്നാണ് ഇതില്‍ കൊത്തിവെച്ചിരിക്കുന്നത്. ലഹോറിലെ അന്നത്തെ ബിഷപ്പാണ് ഈ പള്ളി ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. പള്ളി തുറന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥനയ്‌ക്കായി അതിരാവിലെ ഇവിടെയെത്താറുണ്ടായിരുന്നു. ആംഗ്ലോ ഇന്ത്യന്‍ പുരോഹിതന്മാരാണ് ദേവാലയത്തില്‍ അന്ന് ആരാധന നടത്തിയിരുന്നത്. എല്ലാ ഞായറാഴ്ചകളിലും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. പല ഇംഗ്ലീഷ് എഴുത്തുകാരുടെ പുസ്തകങ്ങളിലും ഈ പളളിയെപ്പറ്റി പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കല്ലും ഇഷ്ടികയും കൊണ്ട് നിര്‍മ്മിച്ച ദേവാലയം കശ്മീരില്‍ എന്നും ഒരു ആകര്‍ഷണമായിരുന്നു.

1986-87 കാലഘട്ടം വരെ ദേവാലയത്തില്‍ പതിവ് തെറ്റിക്കാതെ പ്രാര്‍ത്ഥനയും ആരാധനയുമെല്ലാം നടന്നിരുന്നു. 1986 വരെ ഇവിടെ ബ്രിട്ടീഷ് പുരോഹിതനുമുണ്ടായിരുന്നു. എന്നാല്‍ 90 കളുടെ ആദ്യഘട്ടത്തില്‍ കശ്മീരില്‍ മുസ്ലീം സംഘടനകള്‍ ചേര്‍ന്ന് ഭീകരാക്രമണം നടത്താന്‍ ആരംഭിച്ചു. ഇതോടെ പുരോഹിതര്‍ പളളി അടച്ചിടാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

തുടര്‍ന്ന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2016 ലാണ് പള്ളി വീണ്ടും തുറക്കാന്‍ തീരുമാനമായത്. 2016 ല്‍ പള്ളി വീണ്ടും നവീകരിച്ച്‌ തുറക്കണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സമൂഹവും പുരോഹിതരും ഭരണകൂടത്തെ സമീപിക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംബന്ധിച്ച്‌ നടപടി ആരംഭിച്ചത്. പള്ളി നവീകരണം സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയും ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച്‌ പള്ളിയെ വീണ്ടും പണ്ടത്തെ പ്രതാപത്തിലെത്തിക്കുകയും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടതിന്റെ തെളിവ് കൂടിയാണ് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന പള്ളിയുടെ നവീകരണം.കാശ്മീരില്‍ പ്രശസ്തമായ മറ്റ് രണ്ട് പള്ളികള്‍ കൂടിയുണ്ട്. ഒന്ന് ഗുല്‍മാര്‍ഗിലെ സ്‌കൈ റിസോര്‍ട്ടിലും മറ്റൊന്ന് ബാരാമുള്ള ടൗണില്‍ സെന്റ് ജോസഫ് ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിന് സമീപമാണ് ഉള്ളത്.


Related News