Loading ...

Home National

ഡല്‍ഹി കോടതിയിലെ ബോംബ് സ്‌ഫോടനം: ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി കോടതിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍.ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന്, ഒരു അഭിഭാഷകനെ കൊലപ്പെടുത്താനാണ് കോടതിയില്‍ ഇയാള്‍ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ ഒമ്ബതിന് 102-ാം നമ്ബര്‍ കോടതി മുറിയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.ടിഫിന്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിമുറിയില്‍ അഭിഭാഷകന്‍ നില്‍ക്കെ സ്‌ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമിട്ടത്.

സിസിടിവിയില്‍ ശാസ്ത്രജ്ഞന്‍ കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ആദ്യത്തേതില്‍ ഇയാളുടെ പക്കല്‍ ബാഗ് ഉണ്ടായിരുന്നെങ്കില്‍, രണ്ടാമത്തെ ദൃശ്യത്തില്‍ കൈവശം ബാഗ് ഉണ്ടായിരുന്നില്ല.മാത്രമല്ല, ഇയാളുടെ ബന്ധു ജോലി ചെയ്തിരുന്ന കമ്ബനിയുടെ ലോഗോ ബാഗില്‍ ഉണ്ടായിരുന്നതും അന്വേഷണത്തില്‍ നിര്‍ണായകമായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ അഭിഭാഷകന്‍ 10 ഓളം കേസുകള്‍ നല്‍കിയിരുന്നു. നിയമനടപടികള്‍ ഇയാളെ മാനസികമായി തളര്‍ത്തി. ഇതേത്തുടര്‍ന്നുള്ള പ്രതികാരമാണ് ബോംബു വെച്ച്‌ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Related News