Loading ...

Home National

10 വര്‍ഷം തടവ്, ഒരു ലക്ഷം രൂപ പിഴ; മതപരിവര്‍ത്തന നിരോധന ബില്ലുമായി കര്‍ണാടക

കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തന ബില്‍ അവതരിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി.
മതപരിവര്‍ത്തനം ചെയ്യുന്നവര്‍ ഒരു മാസം മുമ്ബ് സര്‍ക്കാറിന്റെ അനുമതി വാങ്ങണം. ജില്ലാ മജിസ്‌ട്രേറ്റോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റോ ആണ് മതപരിവര്‍ത്തനത്തിന് അനുമതി നല്‍കേണ്ടത്.

എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. ഇവര്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ പറയുന്നത്.

നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിന്റെ നിയമസാധുതയും മറ്റും ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രിമാരുടെയും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവരുടെയും നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ നടന്നിരുന്നു.

2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ലക്ഷ്യത്തോടെയാണ് ബിജെപി ബില്‍ കൊണ്ടുവരുന്നത്. മതപരിവര്‍ത്തനം ആരോപിച്ച്‌ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ വ്യാപക അക്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം വരുന്നത്.

ബലപ്രയോഗം, തെറ്റിദ്ധരിപ്പിക്കല്‍, വശീകരണം, വിവാഹം, വഞ്ചന തുടങ്ങിയ മാര്‍ഗങ്ങളിലൂടെയുള്ള മതപരിവര്‍ത്തനം നിരോധിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ബില്‍ നിയമസഭയില്‍ വരുമ്ബോള്‍ കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും കാപട്യം വ്യക്തമാവുമെന്നും ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Related News