Loading ...

Home National

ആയിരങ്ങള്‍ക്ക് സൗജന്യ ചികിത്സ; മാതൃകയായി സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ ആശുപത്രി

സിംഗു അതിര്‍ത്തിയിലെ സമരവേദിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു കിസാന്‍ - മസ്ദുര്‍ ഏകതാ ആശുപത്രി. ആറായിരത്തിലധികം പേര്‍ക്കാണ് ഇവിടെ സൗജന്യ ചികിത്സ ലഭിച്ചത്.


സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മാത്രമല്ല സമീപവാസികള്‍ക്കും ആശ്വാസമായിരുന്നു ഈ ആശുപതി.ചെറിയ ഫാര്‍മസി ആയിട്ടായിരുന്നു ആശുപത്രിയുടെ തുടക്കം. സമരവേദിയിലേക്ക് ഒഴുകിയെത്തുന്ന കര്‍ഷകരുടെ എണ്ണം ആയിരവും പതിനായിരവും കടന്നതോടെ താല്‍ക്കാലിക ഷെഡില്‍ ആശുപത്രി പ്രവര്‍ത്തിച്ചു തുടങ്ങി.

ലാബും ഇ.സി.ജിയും ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാന്‍ ലൈഫ് കെയര്‍ ഫൗണ്ടേഷന്‍ മുന്നോട്ടു വന്നതോടെ സൗജന്യമായി സേവനം വാഗ്ദാനം ചെയ്തു ഡല്‍ഹി എയിമ്സിലെ ഡോക്ടര്‍മാര്‍ അടക്കം എത്തി. വിളകളെ കാക്കുന്ന കര്‍ഷകരുടെ ആരോഗ്യം കാക്കാന്‍ കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ ലീവെടുത്ത് ഇവിടെ എത്തി. ഓ .പിയില്‍ ദിവസേന ഇരുന്നൂറ്റി അന്‍പതിലധികം പേര് ചികിത്സ തേടിയെത്തിയതായി ഒരു വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന ഡോ.അഫ്താര്‍ സിങ് പറയുന്നു.

കോവിഡ് രാജ്യത്തെ പിടിമുറുക്കിയ കാലത്ത് ഡല്‍ഹിക്കാര്‍ ഓക്സിജന്‍ സിലിണ്ടര്‍ ലഭിക്കാതെ വലഞ്ഞപ്പോള്‍ ജീവശ്വാസത്തിന്റെ സിലിണ്ടറുമായി ഈ ആശുപത്രി സഹായിച്ചു. അന്നദാതാക്കളുടെ ആരോഗ്യം സംരക്ഷിച്ച ആരോഗ്യകേന്ദ്രം പഞ്ചാബില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലം നല്‍കാമെന്ന് ഒരു ഡോക്ടര്‍ ഏറ്റുകഴിഞ്ഞു.

Related News