Loading ...

Home National

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 ഓടെ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി

രാജ്യത്ത് അതിവേഗ റെയില്‍ പദ്ധതികള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ആദ്യത്തേത് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയാണ്.ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് 2026 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര റെയില്‍വേ, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തെ ആദ്യത്തെ അതിവേഗ ലോക്കോമോട്ടീവില്‍ യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് ഏകദേശം 5 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റെയില്‍വേ മന്ത്രി 'ആജ്‌തക്കി'ന്‌അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പദ്ധതി നടപ്പിലാക്കുന്നതിനുള്ള വിവിധ തടസ്സങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയതിന് ശേഷം 2026 ഓടെ പദ്ധതി അന്തിമഘട്ടത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എന്തെങ്കിലും തടസ്സങ്ങളുണ്ടായാല്‍ പദ്ധതി നടപ്പില്‍ വരാന്‍ 2027 ആയേക്കാമെന്നും എന്നാല്‍ അതിനപ്പുറത്തേക്ക് നീളില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി. ജെആര്‍ടിസിയുടെ സഹായത്തോടെ അതിവേഗ റെയില്‍വേ ട്രാക്കുകള്‍ രൂപകല്‍പന ചെയ്യുന്നതിനായി എന്‍എച്ച്‌എസ്സിആര്‍എല്‍ അടുത്തിടെ ഒരു ധാരണാപത്രം ഒപ്പു വെച്ചിട്ടുണ്ട്.

നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്‌എസ്‌ആര്‍സിഎല്‍) ആണ് ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതി നടപ്പിലാക്കുന്നത്. ജപ്പാന്‍ റെയില്‍വേ ട്രാക്ക് കണ്‍സള്‍ട്ടന്റ് കമ്ബനിയുമായി (ജെആര്‍ടിസി) സഹകരിച്ചാണ് എന്‍എച്ച്‌എസ്‌ആര്‍സിഎല്‍ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പദ്ധതിയിലെ പ്രാരംഭ തടസ്സങ്ങളിലൊന്ന് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ്. ജെആര്‍ടിസിയുമായുള്ള സഹകരണം പദ്ധതിയെ മികച്ചതാക്കുമെന്നും വളരെ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് ജപ്പാനീസ് കമ്ബനി സ്വീകരിച്ചിരിക്കുന്നതെന്നും വൈഷ്ണവ് പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ യജ്ഞം സുഗമമായി പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയാണ് ജെആര്‍ടിസി. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള അതിവേഗ റെയില്‍ ഇടനാഴിക്ക് സ്ഥലം ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്നും ആ നടപടികള്‍ മഹാരാഷ്ട്രയില്‍ കുടുങ്ങികിടക്കുന്നതായി തോന്നുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുജറാത്തില്‍ പദ്ധതിയ്ക്കാവശ്യമായ മൊത്തം ഭൂമിയുടെ ഏകദേശം 97% ലഭിച്ചുകഴിഞ്ഞു, എന്നാല്‍ മുംബൈയിലെ ചില ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 508 കിലോമീറ്റര്‍ ദൂരത്തില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്തും. ട്രാക്കില്‍ 12 സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ, ഏകദേശം 119 തൂണുകള്‍ സ്ഥാപിച്ചു. ആറ് മാസത്തിനുള്ളില്‍ 50 കിലോമീറ്റര്‍ കൂടി തൂണുകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കരുതിയിരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, കൊവിഡ് പ്രതിസന്ധി മൂലമായിരുന്നു നിശ്ചയിച്ച കാലയളവില്‍ പൂര്‍ത്തിയാകാന്‍ സാധിക്കാതിരുന്നത്. കോവിഡ് നിയന്ത്രണവും ലോക്ക്ഡൗണും കാരണം പദ്ധതിയ്ക്കായുള്ള ടെന്‍ഡര്‍ നടപടികളും ഭൂമി ഏറ്റെടുക്കല്‍ നടപടികളും തടസ്സപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ വേഗത്തിലായിരിക്കുകയാണ്.

Related News