Loading ...

Home National

എന്നെ കൊല്ലാൻ ശ്രമിക്കുന്നത് നരേന്ദ്രമോഡി ; തൊഗാഡിയ

ന്യൂഡല്‍ഹി ; പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഗുജറാത്ത് പൊലീസുമായി ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദുപരിഷത് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍.
വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നതായി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മോഡിയുടെ പേരെടുത്ത് പറഞ്ഞ് തൊഗാഡിയ ബുധനാഴ്ച രംഗത്തുവന്നത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പൊലീസും ചേര്‍ന്ന് വധിക്കാന്‍ ഗൂഢാലോചന നടത്തുകയാണ്. അഹമ്മദാബാദ് പൊലീസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ ജെ കെ ഭട്ട് കഴിഞ്ഞ 15 ദിവസം മോഡിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും തൊഗാഡിയ അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഗുജറാത്തില്‍ നരേന്ദ്രമോഡി റോഡ്‌ഷോ നടത്തുന്ന സമയത്താണ് തൊഗാഡിയ മോഡിക്കെതിരെ ആഞ്ഞടിച്ചത്.
തന്റെ പഴയ സുഹൃത്ത് മോഡി രാജ്യത്ത് ജനാധിപത്യത്തെ അപകടത്തിലാക്കിയെന്ന് തൊഗാഡിയ പറഞ്ഞു. തനിക്കെതിരായ കേസ് 2015ല്‍തന്നെ പിന്‍വലിച്ചെന്ന് രാജസ്ഥാനില്‍നിന്ന് സന്ദേശം ലഭിച്ചിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്യാന്‍ എത്തിയത് ആരാണ് അറസ്റ്റിന് നിര്‍ദേശം നല്‍കിയത് ഡല്‍ഹിയിലെ രാഷ്ട്രീയ യജമാനന്റെ നിര്‍ദേശപ്രകാരമാണ് ഭട്ട് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദില്‍ക്രൈംബ്രാഞ്ചാണോ ഗൂഢാലോചന ബ്രാഞ്ചാണോ പ്രവര്‍ത്തിക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ നിയമനടപടി സ്വീകരിക്കും. 2005ല്‍ സഞ്ജയ് ജോഷിയെ തകര്‍ത്തതുപോലെ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ക്രൈംബ്രാഞ്ച് ചില വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ജോഷിക്കെതിരെ നീങ്ങിയവരുടെ പേരുകള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തും തൊഗാഡിയ പറഞ്ഞു.
ബിജെപിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സഞ്ജയ് ജോഷി പാര്‍ട്ടിയില്‍നിന്ന് പുറത്തായതിനു പിന്നില്‍ മോഡിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജോഷിയെ തിരിച്ചെടുക്കണമെന്ന് പലവട്ടം ആവശ്യം ഉയര്‍ന്നെങ്കിലും നടപ്പായില്ല. മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്ന ജോഷി ഗുജറാത്തില്‍ നല്ല സ്വാധീനമുള്ള നേതാവായിരുന്നു. ഇദ്ദേഹത്തിനെതിരെ ഒരു സിഡി പുറത്തുവന്നതിനെത്തുടര്‍ന്നാണ് സ്ഥാനനഷ്ടം നേരിട്ടത്. ഇപ്പോള്‍ ബിജെപിയില്‍ ഒരു പദവിയുമില്ല.
തൊഗാഡിയയെ കാണാതാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്ത സംഭവങ്ങള്‍് നാടകമാണെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മുന്‍കൂട്ടി വിളിച്ചുപറഞ്ഞശേഷമാണ് തൊഗാഡിയ ആശുപത്രിയില്‍ എത്തിയതെന്ന് ജോയിന്റ് കമ്മീഷണര്‍ ജെ കെ ഭട്ട് പറയുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നും 108 ആംബുലന്‍സില്‍ രോഗിയെ കൊണ്ടുവരികയായിരുന്നെന്നും ചന്ദ്രമണി ആശുപത്രി പ്രസിഡന്റ് ആര്‍ എം അഗര്‍വാള്‍ വെളിപ്പെടുത്തി. ആശുപത്രിയില്‍നിന്ന് വിട്ടയച്ചതിനു പിന്നാലെയാണ് തൊഗാഡിയ വീണ്ടും വാര്‍ത്താസമ്മേളനം വിളിച്ചത്. തൊഗാഡിയയുടെ വെളിപ്പെടുത്തലില്‍ നടുങ്ങിയ നിലയിലാണ് ആര്‍എസ്എസും സംഘപരിവാറും. യുക്തിസഹമായി പ്രതികരിക്കാന്‍ പോലും ഇനിയും ഇവര്‍ക്കായിട്ടില്ല.

Related News