Loading ...

Home National

ബാബരി മസ്​ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികം; മഥുരയില്‍ കനത്ത സുരക്ഷ

ഹിന്ദുത്വ തീവ്രവാദികള്‍ ബാബരി മസ്​ജിദ്​ തകര്‍ത്തതിന്‍റെ 29ാം വാര്‍ഷികമായ ഡിസംബര്‍ ആറിന്​ പുതിയ തകര്‍ക്കല്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ സംഘ്​പരിവാര്‍ സംഘടനകള്‍.മഥുരയിലെ ഷാഹി ഈദ്​ഗാഹ്​ മസ്​ജിദാണ്​ ഇക്കുറി അവര്‍ ഉന്നമിട്ടിരിക്കുന്നത്​.

ബാബരി മസ്​ജിദ്​ തകര്‍ത്ത ദിവസം പള്ളിയില്‍ കൃഷ്​ണ വിഗ്രഹം സ്​ഥാപിക്കും എന്നാണ്​ തീവ്രവാദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതിനെ തുടര്‍ന്ന്​ പ്രദേശത്ത്​ സുരക്ഷ ശക്​തമാക്കിയിരിക്കുകയാണ്​. ബാബരി മസ്​ജിദില്‍ രാമജന്‍മ ഭൂമി പ്രശ്​നം ഉയര്‍ത്തിയവര്‍ ഇവിടെ കൃഷ്​ണ ജന്‍മഭൂമി പ്രശ്​നംആണ്​ ഉയര്‍ത്തിക്കാട്ടുന്നത്​. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ശ്രീകൃഷ്ണ ജന്മസ്ഥാന്‍ ആണെന്നാണ്​ ഹിന്ദുത്വ തീവ്രവാദികള്‍ ആരോപിക്കുന്നത്​.

ഡിസംബര്‍ ആറിന് അടുത്തുള്ള ഷാഹി ഈദ്ഗാ പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഏതാനും വലതുപക്ഷ ഗ്രൂപ്പുകള്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്​.

മഥുരയിലെ നിവാസികള്‍ തിങ്കളാഴ്ച രാവിലെ ഉണര്‍ന്നത് തങ്ങളുടെ നഗരം ഒരു കോട്ടക്ക്​ സമാനമായ സുരക്ഷയാല്‍ വലയം ചെയ്യപ്പെട്ടത്​ കണ്ടുകൊണ്ടാണ്​. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കത്തിന്‍റെ ആസ്ഥാനമായ അയോധ്യയില്‍ നിന്ന് വ്യത്യസ്തമായി, മഥുര നിരവധി പതിറ്റാണ്ടുകളായി സൗഹാര്‍ദത്തിന് ഒരു ഭീഷണിയും നേരിട്ടിട്ടില്ലാത്തതിനാല്‍ അഭൂതപൂര്‍വമായ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്​. എന്നാല്‍ പള്ളിക്കുള്ളില്‍ ഹിന്ദു ആചാരങ്ങള്‍ നടത്തുമെന്ന ചില ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണി പ്രദേശത്തെ ശാന്തത തകര്‍ത്തു.

നഗരത്തിലെ ദേശീയ-സംസ്ഥാന പാതകളുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡുകള്‍ ഉണ്ട്. ക്ഷേത്ര-മസ്​ജിദ്​ സമുച്ചയങ്ങള്‍ക്ക് പിന്നിലൂടെയുള്ള നാരോ ഗേജ് റെയില്‍വേ ട്രാക്ക് പോലും അടച്ചിട്ടിരിക്കുകയാണ്. മഥുര-വൃന്ദാവന്‍ ഇരട്ട നഗരങ്ങള്‍ക്കിടയിലുള്ള രണ്ട് തീര്‍ഥാടന ട്രെയിനുകള്‍ യാര്‍ഡുകളില്‍ തങ്ങും. ആളുകള്‍ കൂട്ടംകൂടുന്നതിനെതിരെ നിരോധനാജ്ഞ നിലവിലുണ്ട്.

Related News