Loading ...

Home National

ഗോവയിൽ തൃണമൂലുമായി സഖ്യത്തിന് തയ്യാറെന്ന് എം ജി പി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിലാകാൻ തയ്യാറെന്ന് ഗോവയിലെ പ്രാദേശിക പാർട്ടി എംജിപി. സുധിൻ ധവൽക്കറിന്റെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി)യാണ് സഖ്യത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. നേരത്തെ ബിജെപിയുമായി സഖ്യത്തിലായിരുന്ന പാർട്ടിയായിരുന്നു എംജിപി. 2017-ൽ 40 അംഗ സഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും എംജിപി പോലുളള ചെറു പ്രാദേശിക പാർട്ടികളുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. മനോഹർ പരീക്കർ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു എംജിപി നേതാവ് സുധിൻ ധവൽക്കർ. എന്നാൽ 2019 മാർച്ചിൽ പരീക്കർ അന്തരിച്ചതോടെ ആ സ്ഥാനത്തേയ്ക്ക് പ്രമോദ് സാവന്ത് എത്തുകയും ധവൽക്കർ സഖ്യം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

അടുത്ത കാലത്താണ് കോൺഗ്രസ് നേതാവും എംപിയുമായ ലൂസിഞ്ഞോ ഫെലിയിറോ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയത്. 40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടക്കുക. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലായിരുന്നു തൃണമൂൽ കോൺഗ്രസ്. നേരത്തെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ബിജെപിയുടെ മുൻ സഖ്യകക്ഷികളായ എംജിപിയുമായും,ഗോവ ഫോർവേർഡ് പാർട്ടിയുമായി ചർച്ചകൾ നടത്തിയരുന്നു. വിജയ് സർദേശായിയുടെ നേതൃത്വത്തിലുള്ള ഗോവ ഫോർവേർഡ് പാർട്ടിയെ (ജിഎഫ്‌പി) തൃണമൂലിൽ ലയിപ്പിക്കാനുള്ള തൃണമൂലിന്റെ പദ്ധതി ചർച്ചകൾക്കൊടുവിൽ പരാജയപ്പെട്ടിരുന്നു.

Related News