Loading ...

Home Kerala

വേദനിക്കുന്നവര്‍ക്കൊപ്പംകൂടെയുണ്ടെന്ന സന്ദേശവുമായി കോഴിക്കോട് വിദ്യാര്‍ത്ഥി സമൂഹം

കെകെ ജയേഷ്
കോഴിക്കോട്: വേദനിക്കുന്നവര്‍ക്കൊപ്പം തങ്ങളും കൂടെയുണ്ടെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥി സമൂഹം. ഇന്ന് കേരളത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുമ്പോള്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ഇരുപത് കോളെജുകളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികള്‍.
കേരളത്തില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമാകെ പത്തര ദശലക്ഷം ജനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഇന്ന് കേരളത്തിലെ വിദ്യാര്‍ത്ഥി-യുവജനങ്ങളില്‍ വലിയൊരു വിഭാഗം വീട്ടില്‍ ചെന്ന് വൃദ്ധരെയും അവശരായ രോഗികളെയും ശുശ്രൂഷിക്കുന്ന ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. യുവാക്കള്‍ ആഘോഷങ്ങളുടെ പിന്നാലെ മാത്രം പോവുന്നുവെന്ന പരാതികളുടെ മുനയൊടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വേദനിക്കുന്നവരുടെ കണ്ണീരൊപ്പിക്കൊണ്ട് യുവജനങ്ങള്‍ നിര്‍വ്വഹിക്കുന്നത്.
സാന്ത്വന പരിചരണ സന്ദേശം പ്രചരിപ്പിക്കുക,വേദനിക്കുന്നവര്‍ക്ക് പരിചരണം ഉറപ്പാക്കാന്‍ ആവശ്യമായ വിഭവ സമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങളുമായി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കുചേരുന്ന പരിപാടികള്‍ക്ക് ഇന്നലെ കോഴിക്കോട് തുടക്കമായി.
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി ചേര്‍ന്ന് നടത്തുന്ന പരിപാടിയില്‍ ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെ പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുന്നൂറില്‍ പരം പേരാണ് വിവിധ കോളെജുകളില്‍ നിന്നായി പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ കോഴിക്കോട് ബീച്ചില്‍ സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.
ഫ്‌ളാഷ് മോബ്, മൈം ഷോ, ചാക്യാര്‍കൂത്ത്, സംഗീത പരിപാടികള്‍ എന്നിവ അരങ്ങേറി. ഇതിനൊപ്പം ഈറ്റ് ഫോര്‍ കംപാഷന്‍ ഭക്ഷ്യ മേളയും നടന്നു. കുട്ടികള്‍  പാചകം ചെയ്തുകൊണ്ടുവന്ന വിഭവങ്ങളാണ് ഭക്ഷ്യമേളയില്‍ ഒരുക്കിയത്. ഇതില്‍ നിന്നെല്ലാം ലഭിക്കുന്ന വരുമാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ രോഗീ പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. പാലിയേറ്റീവ് മെഡിസിന്റെ ഫുട്പ്രിന്റ്‌സ് റീഹാബിലിറ്റേഷന്‍ പ്രൊജക്ടിലെ അംഗങ്ങള്‍ നിര്‍മ്മിച്ച കുടകള്‍, വിവിധ കരകൗശല ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയും വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഷോപ് കംപാഷന്‍ ചാരിറ്റി സെയില്‍ കൗണ്ടറാണ് മറ്റൊരു പ്രത്യേകത. ജൂട്ട് ബാഗുകള്‍, കോഫി മഗ് എന്നിവയാണ് വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ നിന്ന് കിട്ടുന്ന വരുമാനവും രോഗീപരിചരണത്തിനാണ്.
സ്റ്റിക് à´Ž നോട്ട് എന്ന വ്യത്യസ്തമായ ബാനര്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഇതില്‍ ആര്‍ക്കും പങ്കെടുക്കാം. ജീവിതത്തിന്റെ അവസാന നാളുകളില്‍ എത്തിയവര്‍ക്ക്  വേണ്ടി എന്ത് ചെയ്യാന്‍ കഴിയും എന്ന ആശയമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഇവര്‍ക്കുവേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു നല്ല കാര്യം എഴുതി ബാനറില്‍ പതിക്കാം. പെയിന്റിംഗ് എക്‌സിബിഷനും വില്‍പ്പനയും ഒക്കെ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ മുറിയില്‍ തളച്ചിടപ്പെട്ട ആളുകളെ പുറം ലോകത്തിന്റെ മനോഹാരിതയിലേക്ക് എത്തിക്കുകയും ആരുമില്ലാത്തവര്‍ക്ക് തങ്ങളെ സഹായിക്കാന്‍ കൂടെ ആളുണ്ടെന്ന വിശ്വാസം ഉണ്ടാക്കാനുമാണ് പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം.
സ്വന്തമായി തന്നെ വിവിധ തരം പ്രവര്‍ത്തനങ്ങള്‍ നടത്തി പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന ആഗ്രഹമാണ് ഇവര്‍ക്കുള്ളത്.

പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വന പരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കൂടുബത്തിന്റെയും ആവശ്യങ്ങള്‍ സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാനുമാണ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുന്നത്.

കടപ്പാട്: ജനയുഗം

Related News