Loading ...

Home Kerala

സോഷ്യല്‍ മീഡിയ ഒന്നിച്ചപ്പോള്‍ ശ്രീജിത്തിന് വേണ്ടി അണിനിരന്നത് ആയിരങ്ങള്‍....

തിരുവനന്തപുരം: പാറശാലയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊലചെയ്യപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണത്തില്‍ സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച്‌ നവമാധ്യമ കൂട്ടായ്മ. രാവിലെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നിരവധി പേരാണ് എത്തുന്നത്.വിഎം സുധീരന്‍, ടോവിനോ തോമസ് തുടങ്ങി സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സമര പന്തലിലെത്തി ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമരത്തിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. ആയിരകണക്കിനാളുകളാണ് നവമാധ്യമ കൂട്ടായ്മ വഴി ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ ഇന്ന് സമരപന്തലില്‍ എത്തിചേര്‍ന്നിരിക്കുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സമരപന്തലില്‍ സംഗമിച്ചു.

ശ്രീജിത്തിനെ സന്ദര്‍ശിച്ച്‌ രാഷ്ട്രീയ മുതലെടുപ്പിന് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ഡിവൈഎഫ്‌ഐക്കാരനെന്നും കൂലിത്തല്ലുകാരനെന്നും വിളിച്ചതില്‍ പ്രതികരണവുമായി ആന്‍ഡേഴ്സണ്‍ എഡ്വേര്‍ഡ്. 'എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച്‌ പൊലീസ് മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന്' ആന്‍ഡേഴ്സണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.ഈ നിമിഷം മുതല്‍ നിങ്ങള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല എന്നും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

സഹോദരന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയറിയിച്ച്‌ എത്തിയപ്പോള്‍ ആന്‍ഡേഴ്സണ്‍ ചോദ്യം ചെയ്തതാണ് രമേശ് ചെന്നിത്തലയെ പ്രകോപ്പിച്ചത്.ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ താങ്കളെ വന്നുകണ്ട ശ്രീജിത്തിന് എന്ത് സഹായമാണ് നല്‍കിയതെന്ന് ചോദിച്ച ശ്രീജിത്തിന്‍രെ സുഹൃത്ത് കൂടിയായ ആന്‍ഡേഴ്സനോട് തട്ടിക്കയറുകയാണ് ചെന്നിത്തല ചെയ്തത്. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ അപഹാസ്യനായി മടങ്ങിയ ശേഷമാണ് ചെന്നിത്തല യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത്.ആന്‍ഡേഴ്സണ്‍ സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണെന്ന് ഒരു മടിയുമില്ലാതെ ചെന്നിത്തല ഫെയ്സ്ബുക്കില്‍ കുറിച്ചു. അത് നേരത്തെ കരുതിക്കൂട്ടിയെടുത്ത ഷൂട്ടിംഗ് ആയിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ ശ്രീജിത്തിനെ സഹായിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സംഭവം സര്‍ക്കാറിനെതിരെ തിരിയുമെന്നായപ്പോള്‍ സിപിഐഎം ഇറക്കിയ കൂലിത്തല്ലുകാരനാണ് ആന്‍ഡേഴ്സണ്‍ എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഫെയ്സ്ബുക്കിലൂടെ തന്നെയാണ് ആന്‍ഡേഴ്സണ്‍ മറുപടി നല്‍കിയത്. 'ഞാന്‍ അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്റെ അപ്പ ഉള്‍പ്പടെയുള്ളവര്‍ അങ്ങയുടെ പാര്‍ട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചതാണ്. തലമുറകളായി കോണ്‍ഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാന്‍ പറ്റിയില്ല എന്നത് സത്യം.


ശ്രീജിത്തിന് പിന്തുണയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരനും ഇന്ന് സമരപന്തലിലെത്തിയിരുന്നു. സിബിഐ വീണ്ടും ആവശ്യപ്പെടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വിഎം സുധീരന്‍ പ്രതികരിച്ചു. നടന്‍ ടോവിനോ തോമസും ശ്രീജിത്തിന് പിന്തുണയര്‍പ്പിച്ച്‌ സമരപന്തലില്‍ എത്തിയിരുന്നു.ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 764 ദിവസങ്ങളായാണ് സമരം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശം ഉയര്‍ന്ന സംഭവമായിരുന്നു ശ്രീജിവിന്റെ മരണവും, അനുജന് നീതിതേടിയുളള ശ്രീജിത്തിന്റെ സമരവും. അതേസമയം കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സിബിഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ഉടന്‍ തന്നെ സര്‍ക്കാര്‍ കത്ത് നല്‍കും.2014 മെയ് 21 നാണ് ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെച്ച്‌ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം.ശ്രീജിവിന്റെ മരണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 764 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുകയാണ് സഹോദരന്‍ ശ്രീജിത്ത്. ശ്രീജിത്തിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.


Related News