Loading ...

Home Kerala

വഖ്ഫ് നിയമം; സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം, സമസ്ത നിലപാട് ലീഗിനും സര്‍ക്കാരിനും തിരിച്ചടി

വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന സമസ്തയുടെ നിലപാടില്‍ തിരിച്ചടിയേറ്റത് മുസലിം ലീഗിന്.അതേ സമയം, പി.എസ്.സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്ന നിലപാട് സമസ്ത കര്‍ശനമാക്കിയത് സര്‍ക്കാരിന് പൊതുവെയും വഖഫ് മന്ത്രി അബ്ദുറഹ്മാനും മുന്‍ മന്ത്രി കെ.ടി ജലീലിനും സവിശേഷമായും തിരിച്ചടിയായി.

വിഷയത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്താന്‍ മുസ്‌ലിം ഏകോപന സമിതി തീരുമാനമെടുത്തതിന് പിറ്റേന്നാണ് നിലപാട് തള്ളി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഫ്രി തങ്ങളുമായി നേരിട്ട് സംസാരിച്ചതും സമസ്ത തീരുമാനത്തില്‍ നിര്‍ണായകമായി. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന വഖ്ഫ് മുതവല്ലി സംഗമത്തില്‍ ജിഫ്രി തങ്ങള്‍ അക്കാര്യം ഒന്നിലേറെ തവണ എടുത്തു പറയുകയും ചെയ്തു.

മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മുസ്‌ലിം നേതൃ സമിതി കോഴിക്കോട്ട് യോഗം ചേര്‍ന്നത്. സമിതി വക്താവായി മാധ്യമങ്ങളോട് സംസാരിച്ചത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാമാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പള്ളികള്‍ വഴിയുള്ള ബോധവല്‍ക്കരണം തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും പള്ളികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്‍ആര്‍സി, സിഎഎ വിഷയങ്ങളില്‍ ഇത്തരത്തില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നതായും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് സ്വത്തുകള്‍ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതിനാല്‍ പള്ളികള്‍ വഴി തന്നെയാണ് ബോധവല്‍ക്കരണം നടത്തേണ്ടത് എന്നാണ് സമസ്തയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മുശാവറാംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞിരുന്നത്. യോഗത്തില്‍ പങ്കെടുത്ത കെഎന്‍എം, ജമാഅത്തെ ഇസ്‌ലാമി, കെഎന്‍എം മര്‍ക്കസ്സുദ്ദഅ്‌വ, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രതിനിധികള്‍ക്കും സമാന നിലപാടാണ് ഉണ്ടായിരുന്നത്.

Related News