Loading ...

Home youth

23 ദിവസം അബോധാവസ്ഥയില്‍, അതിനിടയില്‍ മൂന്നുവട്ടം മരണത്തെ തോല്‍പിച്ച്‌ ജീവിതത്തിലേക്ക്

14-ാം വയസ്സിലെ മലേറിയ ബാധ വിരാലിയുടെ ജീവിതം കീഴ്മേല്‍ മറിച്ചു. മരണക്കിടക്കയില്‍ നിന്നാണ് അവര്‍ രക്ഷപ്പെട്ട് വന്നത്. കൊച്ചിയിലെത്തിയ വിരാലി തന്റെ ജീവിതകഥ  പങ്കുവെച്ചപ്പോള്‍ 

യു.എസ്. പെന്‍സില്‍വാനിയയിലെ ആശുപത്രി കിടക്കയില്‍ നിന്ന് മരണത്തെ തോല്‍പ്പിച്ച്‌ പറന്നെത്തിയ പെണ്‍കുട്ടി. ഇന്ന് അവള്‍ ഒട്ടനവധി ആളുകളുടെ ജീവിതത്തില്‍ പ്രകാശം പരത്തുന്നു. തനിക്ക് ഉള്ളതൊന്നും കുറവുകളല്ലെന്നും തന്നെ പോലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും ഇവള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇവള്‍ - വിരാലി മോദി. 14-ാം വയസ്സിലെ മലേറിയ ബാധയാണ് വിരാലിയുടെ ജീവിതം കീഴ്മേല്‍ മറിച്ചത്. ചികിത്സ വൈകിയതു മൂലം അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. തുടര്‍ന്ന് 23 ദിവസം അബോധാവസ്ഥയില്‍... ഈ ദിവസങ്ങളില്‍ മൂന്ന് വട്ടം മരണം വിരാലിയെ ചേര്‍ത്തുനിര്‍ത്താന്‍ ഒരുങ്ങി. എന്നാല്‍ മരണത്തെയും തോല്‍പ്പിക്കുന്നതായിരുന്നു അവളുടെ മനസ്സ്.

2006, സെപ്തംബര്‍ 29, വിരാലിയുടെ 15-ാം ജന്മദിനം. മരണം തങ്ങളുടെ മകളെ തിരിച്ചുവിളിക്കുമെന്ന് മാതാപിതാക്കള്‍ അന്നാണ് അറിഞ്ഞത്. വിരാലിക്ക് നല്‍കിയ വെന്റിലേറ്റര്‍ സംവിധാനം മാറ്റുവാന്‍ ആ ദിവസമാണ് തിരഞ്ഞെടുത്തത്. ഡോക്ടര്‍മാരുടെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആശുപത്രിയിലെ വിരാലിയുടെ മുറി അമ്മ പല്ലവി പിറന്നാള്‍ ആഘോഷിക്കാനൊരുക്കി. കണ്ണീര്‍ മറച്ചുവെച്ച്‌ അവള്‍ക്ക് ചുറ്റും ബലൂണുകളും മറ്റും ഒരുക്കിവച്ചു. അവളുടെ ജന്മസമയമായിരുന്ന വൈകീട്ട് 3.05ന് പല്ലവിയുടെ നേതൃത്വത്തില്‍ അവള്‍ക്കായി ജന്മദിനഗാനങ്ങളും ആശംസകളും മുഴങ്ങി.അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിക്കായി പാട്ടുപാടുന്നതിന്റെ അസാംഗത്യമൊന്നും വീട്ടുകാര്‍ ചെവിക്കൊണ്ടില്ല. പക്ഷേ അത്ഭുതപ്പെടുത്തുന്നതായിരുന്നു വിരാലിയുടെ ശരീരത്തിലുണ്ടായ മാറ്റം. ആശുപത്രി മുറിയില്‍ നിന്ന് ഡോക്ടര്‍മാരെ വിളിക്കാന്‍ നഴ്സ് പുറത്തേക്കിറങ്ങി. അവള്‍ക്ക് ഓര്‍മ വന്നിരിക്കുന്നു. ജീവിതത്തിലേക്ക് അവള്‍ തിരിച്ചുവന്നിരിക്കുന്നു. പക്ഷേ തുടര്‍ന്നുള്ള ജീവിതം എളുപ്പമല്ലായിരുന്നു. കഴുത്തിന് താഴെ തളര്‍ന്നു പോയ വിരാലിയെ അമ്മ പല്ലവി ചേര്‍ത്തു നിര്‍ത്തി. തുടര്‍ന്നുള്ള ചികിത്സയില്‍ അവള്‍ക്ക് എഴുന്നേറ്റിരിക്കാനായി. എന്നാല്‍ അവള്‍ക്ക് ഒരിക്കലും എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചില്ല. അവളുടെ ജീവിതം എന്നേക്കുമായി വീല്‍ച്ചെയറിലായി...

ഇരുളായി ജീവിതം 
വീല്‍ച്ചെയര്‍ ആദ്യ നാളുകളില്‍ വിരാലിക്ക് സമ്മാനിച്ചത് കണ്ണീരായിരുന്നു. യു.എസ്സിനോട് യാത്ര പറഞ്ഞ് അവള്‍ മുംബൈയിലേക്ക് എത്തി. ഭംഗിയുള്ള ലോകത്ത് നിന്ന് വീല്‍ച്ചെയറിലേക്ക് ഒതുങ്ങി. കുടുംബാംഗങ്ങളുടെ അവഗണനയായിരുന്നു കുഞ്ഞ് വിരാലിയെ തകര്‍ത്തത്. സംസാരിക്കാന്‍ പോലും കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്ന് പറയുന്നു വിരാലി. 'ലോകം അവസാനിച്ച പ്രതീതിയായിരുന്നു തനിക്ക്, മനസ്സിനെ തീര്‍ത്തും മുറിപ്പെടുത്തുകയായിരുന്നു ആ സംഭവങ്ങള്‍'. യു.എസ്സില്‍ നിന്ന് മുംബൈയിലെത്തി പഠനം തുടരാന്‍ ശ്രമിച്ചെങ്കിലും സഹപാഠികള്‍ കളിയാക്കിയാലോ എന്ന ചിന്ത വിരാലിയെ അലട്ടി.
എന്നാല്‍ യു.എസ്. സര്‍ട്ടിഫിക്കറ്റുകളാണ് പഠനരേഖകളായി കൈയിലുള്ളതെന്നതിനാല്‍ ഇന്ത്യയില്‍ തുടര്‍ വിദ്യാഭ്യാസം പ്രശ്നമായി. ആദ്യം മുതല്‍ പഠിക്കേണ്ടിവരും എന്ന അവസ്ഥയില്‍ പഠനം നിര്‍ത്താന്‍ വിരാലി തീരുമാനിച്ചു. യു.എസ്സില്‍ വളര്‍ന്ന വിരാലിക്ക് ഹിന്ദി പറയാന്‍ മാത്രമേ അറിയുമായിരുന്നുള്ളു; എഴുതാനാകുമായിരുന്നില്ല. മറാത്തി ഒട്ടും തന്നെ അറിയില്ലായിരുന്നു. മുംബൈയില്‍ പഠനം തുടരാന്‍ ഇവ രണ്ടും ആദ്യം മുതലേ പഠിക്കേണ്ടിയിരുന്നു. കനത്ത വിഷാദരോഗത്തിലേക്കും മാനസിക സമ്മര്‍ദത്തിലേക്കും അവള്‍ ആണ്ടുപോയി. ഇതില്‍ നിന്ന് തിരിച്ചുവരാനാകാതെ വിരാലി രണ്ടു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു.അമ്മയാണ് വിരാലിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. പോരാളി, ശക്തി, അതുല്യം തുടങ്ങിയ അര്‍ത്ഥം വരുന്ന വിരാലിയെന്ന നാമം ജീവിതത്തിലൂടെ അന്വര്‍ത്ഥമാക്കുവാന്‍ പല്ലവി തന്റെ മകളോട് പറഞ്ഞുകൊണ്ടേയിരുന്നു. ജീവിതത്തെ ഒരിക്കലും കൈവിടാതിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങളും ശകലങ്ങളും അവളോട് പറഞ്ഞുകൊണ്ടേയിരുന്നു. അവളെ പുറത്തേക്കു കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും പല്ലവി ചെയ്തുകൊണ്ടേയിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നും മനസ്സിലെ ചങ്ങലകള്‍ പൊട്ടിച്ച്‌ പോരാളിയായ വിരാലി ജീവിതത്തെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ തീരുമാനിച്ചു. അന്ന് അവളുടെ ചുണ്ടില്‍ വിരിഞ്ഞ പുഞ്ചിരി ഒരു നിധിയായി എന്നും കൂടെ കൂട്ടുമെന്ന് അവള്‍ പ്രതിജ്ഞ ചെയ്തു. ഒപ്പം തന്നെപ്പോലുള്ള ഒട്ടനവധി ആളുകള്‍ക്ക് പ്രചോദനമാകാനും.

ഇന്നും അവഗണന 
ഇന്ത്യയില്‍ അംഗപരിമിതരെ കുറിച്ച്‌ കൃത്യമായ ഒരു അറിവ് ജനങ്ങള്‍ക്കിടയില്‍ ഇല്ലെന്നതാണ് സങ്കടകരമായ വസ്തുത. ആളുകള്‍ എത്രകണ്ട് പുരോഗമിച്ചു എന്ന് പറഞ്ഞാലും അംഗപരിമിതര്‍ക്ക് ഇന്നും അവഗണനയാണ്. ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ട്. മനഃസ്ഥിതി മാറാതെ സമൂഹത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മാറിയിട്ട് ഒരു വിപ്ലവവും ഇവിടെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് വിരാലി പറയുന്നു.
ഇതിനായി സ്കൂള്‍ തലങ്ങളില്‍ നിന്നു തന്നെയുള്ള ബോധവത്കരണം ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളിലേക്ക് ശരിയായ ബോധവത്കരണം നടത്തുന്നതിനും അംഗപരിമിതര്‍ക്ക് വേണ്ട ആവശ്യങ്ങള്‍ നേടിക്കൊടുക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങളിലാണ് വിരാലി ഏര്‍പ്പെടുന്നത്. അംഗപരിമിതര്‍ക്ക് ഇന്നും പല മേഖലകളില്‍ വിലക്കുകളുണ്ട്. ഇത്തരം ചിന്തകള്‍ സമൂഹത്തില്‍ നിന്ന് മാറി എല്ലാ മേഖലയിലും ഇവരുടെ സാന്നിദ്ധ്യം വരേണ്ടതുണ്ട്പഠിപ്പിക്കണം കുഞ്ഞുനാള്‍ മുതല്‍ 
കുട്ടികളില്‍ കരുണയും സ്നേഹവുമാണ് കുഞ്ഞുനാള്‍ മുതല്‍ പഠിപ്പിക്കേണ്ടതെന്ന അഭിപ്രായക്കാരിയാണ് വിരാലി. കണക്കും ചരിത്രവുമെല്ലാം ജോലി നേടാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. എന്നാല്‍ മികച്ച ഒരു വ്യക്തിയാവാന്‍ വേണ്ട ഗുണങ്ങള്‍ അവന്റെ ജീവിതത്തിലൂടനീളം അവനെ സഹായിക്കും.
ഇഷ്ടം അഭിനയത്തോട് 
മികച്ച ഒരു അഭിനേത്രിയാവുക എന്നത് തന്റെ ഇഷ്ടങ്ങളിലൊന്നാണെന്ന് വിരാലി പറയുന്നു. മികച്ച റോളുകളില്‍ സിനിമയില്‍ അഭിനയിക്കണം. രജനീകാന്ത് ആണ് തന്റെ ഇഷ്ട നടന്‍. രജനിയോടൊപ്പം അഭിനയിക്കുകയെന്നതാണ് ഒരു സ്വപ്നം. ഹിന്ദി ഗായകനായ അരിജിത്ത് സിംഗിന്റെ ഗാനങ്ങളുടെ ഒരു ആരാധിക കൂടിയാണ് വിരാലി.

മൈ ട്രെയിന്‍ ടൂ 
ഇന്ത്യയില്‍ റെയില്‍വേ സംവിധാനങ്ങള്‍ അംഗപരിമിത സൗഹൃദമാകണം എന്ന ലക്ഷ്യത്തോടെ വിരാലി ആരംഭിച്ച കാംെപയിന്‍ ആണ് 'മൈ ട്രെയിന്‍ ടൂ'. തന്റെ കാംപെയിനിലൂടെ അംഗപരിമിതരുടെ അവകാശങ്ങള്‍ റെയില്‍വേ അധികാരികളെ അറിയിക്കാനും അംഗപരിമിതര്‍ക്കായുള്ള അവകാശങ്ങള്‍ നേടിയെടുക്കാനും വിരാലിക്കായി.
റാമ്ബ് മൈ റസ്റ്റൊറന്റ് 
ഇന്ത്യയിലെ എല്ലാ ഭക്ഷണശാലകളും അംഗപരിമിത സൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെയാണ് 'റാമ്ബ് മൈ റസ്റ്റൊറന്റ്' എന്ന കാംപെയിന്‍ വിരാലി ആരംഭിച്ചിരിക്കുന്നത്. ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27-നാണ് കാംപെയിനുമായി വിരാലി മുന്നിട്ടിറങ്ങിയത്. കേന്ദ്ര ടൂറിസം വകുപ്പിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ പെറ്റീഷനായാണ് കാംപെയിന്‍ ആരംഭിച്ചത്. വീല്‍ച്ചെയര്‍ സൗഹൃദമായ തറകളും ശൗചാലയങ്ങളും ഇരിപ്പിടങ്ങളും ഒരുക്കണമെന്നതാണ് പ്രധാന ആവശ്യങ്ങള്‍.
നിലവില്‍ കോക്സ് ആന്‍ഡ് കിങ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എനേബിള്‍ ട്രാവല്‍ എന്ന പദ്ധതിയിലാണ് വിരാലി ചേര്‍ന്നിരിക്കുന്നത്. അംഗപരിമിത സൗഹൃദമായ യാത്രകള്‍ അവര്‍ക്കായി ഒരുക്കുക എന്നതാണ് എനേബിള്‍ ട്രാവലിന്റെ ലക്ഷ്യം. ആകാശം സ്വപ്നം കാണാന്‍ ഇത്തരത്തിലുള്ളവര്‍ക്കും അവസരമൊരുക്കുക എന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. തനിക്ക് ചുറ്റും പുഞ്ചിരിയും സ്നേഹവും നിറയ്ക്കുക എന്ന ആശയമാണ് വിരാലിക്കുള്ളത്.ജീവിതത്തെ ഒരു വിധിക്കും വിട്ടുകൊടുക്കാതെ, ഓരോ നിമിഷത്തെയും അറിഞ്ഞ്, ഒന്നിനെയും വിലകുറച്ചു കാണാതെ ജീവിക്കണമെന്ന സന്ദേശവും. അംഗപരിമിതരുടെ സ്വപ്നങ്ങള്‍ എല്ലാവരെയും അറിയിക്കുക, അവര്‍ക്കു വേണ്ട അവകാശങ്ങളെ കുറിച്ച്‌ അധികാരികള്‍ക്ക് അറിവുണ്ടാക്കുക, ജനങ്ങളില്‍ കൃത്യമായ അവബോധം ഉണ്ടാക്കുക. ഈ ലക്ഷ്യങ്ങള്‍ നേടാന്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയാണ് വിരാലി.

മിസ് വീല്‍ച്ചെയര്‍ഇന്ത്യ

 2014ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു മിസ് വീല്‍ച്ചെയര്‍ ഇന്ത്യ 2014. à´† സ്റ്റേജില്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇപ്പോഴുള്ള ആത്മവിശ്വാസമോ ശുഭാപ്തിവിശ്വാസമോ കൈവരിക്കാന്‍ സാധിക്കുമായിരുന്നില്ല.മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. തുടര്‍ന്നാണ് സമൂഹമാധ്യമമായ ക്വാറയില്‍ എഴുതാന്‍ ആരംഭിച്ചത്. ജീവിതത്തില്‍ പ്രചോദനം ആവശ്യമായി വരുന്ന ആയിരക്കണക്കിന് ആളുകളുണ്ട്. തന്റെ എഴുത്തുകളില്‍ നിന്നോ പ്രഭാഷണങ്ങളില്‍ നിന്നോ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാറ്റം സംഭവിച്ചാല്‍ അതാണ് എന്റെ വിജയം എന്നാണ് വിശ്വസിക്കുന്നത്.ഇന്ന് അമ്ബത്തി എണ്ണായിരം ഫോളോവേഴ്സുള്ള ഒരു പ്രൊഫൈലാണ് വിരാലിക്ക് ക്വാറയില്‍ ഉള്ളത്. തന്റെ ജീവിതത്തില്‍ നല്ലതും ചീത്തയുമായ നിമിഷങ്ങള്‍ തീര്‍ത്തും പോസിറ്റീവായ രീതിയില്‍ ആര്‍ക്കും പ്രചോദനം നല്‍കുന്ന രീതിയിലാണ് വിരാലി എഴുതുന്നത്. ഇതോടൊപ്പം മികച്ച പ്രചോദകാത്മക പ്രഭാഷകയുമാണ് വിരാലി.

കടപ്പാട്: മാതൃഭൂമി

Related News