Loading ...

Home Kerala

ചോറ്-മുട്ട-രണ്ട് ഗ്ലാസ് പാല്‍ അടങ്ങിയ ഉച്ചഭക്ഷണ പദ്ധതിക്ക് ഫണ്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡിന് ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടത്ര ഫണ്ട് കണ്ടെത്താനാകാതെ പ്രധാനാദ്ധ്യാപകര്‍ നട്ടം തിരിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസം ചോറും ഉപ്പേരിയും ഓരോ ഗ്ലാസ് പാല്‍ വീതം രണ്ട് ദിവസവും ഒരു ദിവസം ഓരോ മുട്ടയും വീതം കുട്ടികള്‍ക്ക് നല്‍കണം. എന്നാല്‍ ഇതിന് എല്ലാത്തിനും കൂടി സര്‍ക്കാര്‍ അനുവദിക്കുന്നത് ഒരു കുട്ടിക്ക് പരമാവധി 24 രൂപയാണ്. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പോക്ഷകാഹാര പദ്ധതിയാണ് ഫണ്ട് ഇല്ലാതെ നിന്നുപോകുമെന്ന അവസ്ഥയിലെത്തി നില്‍ക്കുന്നത്.

ഉച്ചഭക്ഷണത്തിനുള്ള ചുമതല പ്രധാനാദ്ധ്യാപകര്‍ക്കാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലുള്ള ഉച്ചഭക്ഷണം നല്‍കാന്‍ ഫണ്ട് തികയാതെ ബുദ്ധിമുട്ടുകയാണ് അദ്ധ്യാപകര്‍. കൊറോണ നിയന്ത്രണങ്ങള്‍ കാരണം ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ക്ലാസ്. ഇതു പ്രകാരം ആഴ്ചയില്‍ ലഭിക്കുക 24 രൂപ. ഇത് ഉപയോഗിച്ച്‌ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട, കയറ്റിറക്ക് കൂലി എല്ലാം കണ്ടെത്തണം. ഉച്ചഭക്ഷണത്തിനുള്ള അരി സര്‍ക്കാര്‍ മാവേലി സ്റ്റോറില്‍ നിന്ന് സ്‌കൂളുകളിലെത്തിച്ചു നല്‍കും. പാചകത്തൊഴിലാളികള്‍ക്കുള്ള വേതനവും സര്‍ക്കാര്‍ നല്‍കും. ബാക്കി സാധനങ്ങള്‍ എല്ലാം വാങ്ങുന്നതിന് പലപ്പോഴും സര്‍ക്കാര്‍ അനുവദിക്കുന്ന പണം തികയാറില്ല. ഈ സാഹചര്യത്തില്‍ അധികം വരുന്ന തുക പ്രധാനാദ്ധ്യാപകനാണ് സ്വന്തം കൈയ്യില്‍ നിന്നെടുത്ത് ചിലവാക്കുന്നത്.

നിലവില്‍ പ്രധാനാദ്ധ്യാപകരുടെ 60 ശതമാനം ജോലികളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇതുകാരണം അക്കാദമിക് കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പ്രധാനാദ്ധ്യാപകര്‍ വ്യക്തമാക്കി.

Related News