Loading ...

Home Kerala

മരം മുറിക്കൽ വിവാദം; വനം വകുപ്പ് വീണ്ടും പ്രതികൂട്ടിൽ, കഴിഞ്ഞ വർഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകൾ

മുല്ലപ്പെരിയാർ ബേബി ഡാമിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷവും വനം സെക്രട്ടറി ഇടപ്പെട്ടതായി രേഖകൾ. തമിഴ്നാടിന് അനുമതി നൽകാൻ വനം സെക്രട്ടറിയും സമ്മർദം ചെലുത്തിയെന്ന് വെളിവാക്കുന്ന രേഖകൾ ട്വന്റി ഫോറിന് ലഭിച്ചു. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദ്യ കത്ത്. ഈ കത്തിൽ നടപടിയെടുക്കാത്തതിനാൽ ഉദ്യോഗസ്ഥർക്ക് വനം സെക്രട്ടറി വീണ്ടും കത്തുനൽകി.

2020 ഒക്ടോബർ 19-നാണ് ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി സംസ്ഥാനത്തെ ഉന്നതരായ നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആദ്യ കത്ത് നൽകുന്നത്. മുഖ്യ വനപാലകൻ, ഇപ്പോൾ സസ്പെൻഡ് ചെയ്യപ്പെട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഫോറസ്റ്റ് മോനേജ്മെന്റ് പ്രിൻസിപ്പൽ കൺസർവേറ്റർ, പെരിയാർ കടുവ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കാണ് കത്ത് നൽകിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആ ഭാഗത്ത മരങ്ങൾ മുറിച്ചു നീക്കുന്നത് സംബന്ധിച്ച് സുപ്രിം കോടതിയുടെ വിധി നിലവിലുണ്ടെന്നും ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

എന്നാൽ ഈ കത്ത് അയച്ചതിന് ശേഷവും വിഷയത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് നടപടി എടുക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞ ജൂലായിൽ മറ്റൊരു കത്ത് കൂടി നൽകുകയായിരുന്നു. ഇതിനുശേഷമാണ് മരം മുറിക്ക് അനുമതി നൽകുന്ന തരത്തിലേക്കുള്ള നടപടിയെടുക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായതെന്നാണ് സൂചന.



Related News