Loading ...

Home Kerala

മരംമുറിയിലെ സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; നടപടികള്‍ മാസങ്ങള്‍ക്ക് മുന്നേ തുടങ്ങി; രേഖകള്‍ പുറത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയില്‍ ഫയല്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു.മാസങ്ങള്‍ക്ക് മുന്നേ തന്നെ മരംമുറി നടപടികള്‍ ജലവിഭവ വകുപ്പ് അറിഞ്ഞിരുവെന്നതിന് പുതിയ തെളിവുകള്‍ പുറത്തു വന്നു. മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ ഇ ഫയല്‍ രേഖകളില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

നവംബര്‍ ഒന്നിന് മരംമുറിക്ക് അനുമതി നല്‍കുന്ന യോഗം ചേര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഇതിന് മിനുട്ട്‌സ് ഇല്ലെന്നുമുള്ള വാദമാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത്. എന്നാല്‍ മരംമുറിക്ക് ജലവിഭവ വകുപ്പില്‍ നിന്ന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വളരെ നേരത്തെ ആരംഭിച്ചുവെന്നാണ് പുറത്തു വന്ന രേഖകളില്‍ വ്യക്തമാക്കുന്നത്.

മെയ് 23ന് ഫയല്‍ എത്തി

മെയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ വനം വകുപ്പില്‍ നിന്ന് ജലവിഭവ വകുപ്പില്‍ എത്തിയിരുന്നു. പിന്നീട് നിരവധി തവണ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.

ബേബി ഡാമിലെ 23 മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഫയല്‍ ജലവിഭവ വകുപ്പിലേക്കെത്തിയത്. ഇതിനു ശേഷം ടികെ ജോസിന്റെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. സെപ്റ്റംബര്‍ 15ന് ടികെ ജോസും ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെയും നേതൃത്വത്തിലും യോഗം ചേര്‍ന്നു.

ഒക്ടോബര്‍ 17ന് അന്തര്‍ സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട യോഗവും നടന്നു. ഈ യോഗങ്ങളുടെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തി 15 മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവിറക്കിയതെന്ന് ബെന്നിച്ചന്‍ തോമസ് വനം മന്ത്രിക്ക് നല്‍കിയ വിശീദകരണത്തിലും വ്യക്തമാക്കിയിരുന്നു.


Related News