Loading ...

Home National

കൊവിഡ് ചികിത്സയ്ക്ക് മോള്‍നുപിരാവിര്‍ ഗുളിക, ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്കായുള്ള മോള്‍നുപിരാവിര്‍ ഗുളികകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ ഉടന്‍ അനുമതി ലഭിക്കും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോള്‍നുപിരാവിറിന്റെ ഉപയോഗത്തിന് അനുമതി ലഭിക്കുമെന്ന് കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പായ സി എസ് ഐ ആര്‍ ചെയര്‍മാന്‍ ഡോ.രാം വിശ്വക‌ര്‍മയാണ് അറിയിച്ചത്.

കൊവിഡ് രൂക്ഷമാകുന്ന, ആശുപത്രിയിലെ ചികിത്സ വേണ്ടിവരുന്ന മുതിര്‍ന്നവര്‍ക്കാണ് മോള്‍നുപിരാവിര്‍ ഗുളിക നല്‍കുന്നത്. വാക്സിനേഷനേക്കാള്‍ മോള്‍നുപിരാവിര്‍ ഗുളികകള്‍ ഫലപ്രദമാണെന്നും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാവുന്ന മറ്റൊരു ഗുളികയായ ഫൈസ‌ര്‍ കമ്ബനി നിര്‍മിക്കുന്ന പാക്സ്ളോവിഡ് ഗുളികകള്‍ക്ക് അനുമതി ലഭിക്കുന്നത് അല്‍പ്പം കൂടി വൈകുമെന്നും ഡോ.രാം വിശ്വക‌ര്‍മ കൂട്ടിച്ചേര്‍ത്തു. പാക്സ്ളോവിഡ് ഗുളികകള്‍ക്ക് കൊവിഡ് മരണസാദ്ധ്യതയും ആശുപത്രി ചികിത്സയും 89 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് ക്ലിനിക്കല്‍ ട്രയലിന് ശേഷം ഫൈസര്‍ കമ്ബനി അവകാശപ്പെട്ടിരുന്നു.

അഞ്ച് കമ്ബനികള്‍ മോള്‍നുപിരാവിറിന്റെ ഉത്പാദകരുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ മെര്‍ക്ക് യു എസ്, റിഡ്ജ് ബാക്ക് ബയോതെറാപ്യൂട്ടിക്സ് എന്നീ കമ്ബനികള്‍ ചേ‌ര്‍ന്ന് നിര്‍മിച്ച മോള്‍നുപിരാവിര്‍ ഗുളികയ്ക്ക് അനുമതി ലഭിക്കുമെന്നും ഡോ.രാം വിശ്വക‌ര്‍മ വെളിപ്പെടുത്തി. ഓറല്‍ ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിന് കൊവിഡ് ഗുരുതരമാകാന്‍ സാദ്ധ്യതയുള്ള പ്രായമായവരില്‍ മരണ നിരക്കും ആശുപത്രി വാസവും പകുതിയായി കുറയ്ക്കാനാകുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു. വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഈ ഗുളിക മികച്ച ഫലം ചെയ്യുമെന്ന് നിര്‍മാതാക്കള്‍ എഫ് ഡി എ അനുമതിക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.

Related News