Loading ...

Home National

ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകനും അമേരിക്കന്‍ പ്രൊഫസര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തി ത്രിപുര പൊലീസ്

ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടന്ന അക്രമസംഭവങ്ങളെപ്പറ്റി ട്വിറ്ററില്‍ അഭിപ്രായം പങ്കുവെച്ചതിന് ആസ്‌ത്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സി.ജെ വെര്‍ലിമാനും അമേരിക്കന്‍ പ്രൊഫസര്‍ ഖാലിദ് ബെയ്ദൂനുമെതിരെ യു.എ.പി.എ ചുമത്തി പൊലീസ്.

തങ്ങള്‍ക്കെതിരെ കേസെടുത്ത കാര്യം ഇരുവരും ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അക്രമത്തെപ്പറ്റി പഠിക്കാനെത്തിയ വസ്തുതാന്വേഷണ സംഘത്തിലെ സുപ്രീം കോടതി അഭിഭാഷകര്‍ക്കും നൂറിലേറെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കുമെതിരെ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു.

കഴിഞ്ഞ മാസമാണ് വിശ്വ ഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ മാര്‍ച്ചിനിടെ മുസ്ലിം പള്ളികള്‍ക്കു നേരെ അക്രമമുണ്ടായത്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ദുര്‍ഗ പൂജ ആഘോഷത്തിനിടെയുണ്ടായ അക്രമത്തോടുള്ള പ്രതികാരം എന്ന നിലയ്ക്കാണ് വി.എച്ച്‌.പിയും മറ്റും മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തിയ മാര്‍ച്ചില്‍ കല്ലേറും തീവെപ്പുമടക്കം ഉണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ അക്രമസംഭവങ്ങളെപ്പറ്റി ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചവര്‍ക്കെതിരെ ത്രിപുര പൊലീസ് വ്യാപകമായി കേസെടുക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കേസ്. നൂറിലേറെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ത്രിപുര പൊലീസ് സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് കത്തയച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്ക് ജേണലിസ്റ്റ് ശ്യാം മീര സിങ്, സുപ്രീം കോടതി അഭിഭാഷകരായ ഇഹ്തിഷാം ഹാഷ്മി, അമിത് ശ്രീവാസ്തവ, അന്‍സാര്‍ ഇന്‍ഡോരി, മുകേഷ് കുമാര്‍ എന്നിവരും യു.എ.പി.എ ചുമത്തിയവരില്‍പ്പെടുന്നു. 'ത്രിപുര കത്തുന്നു' എന്ന് ട്വീറ്റ് ചെയ്തതിനാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും അത് ഇനിയും ഉറക്കെ പറയാന്‍ മടിയില്ലെന്നും ശ്യാം മീര സിങ് പറഞ്ഞു.

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തായ സി.ജെ വെര്‍ലിമാനും ഖാലിദ് ബെയ്ദൂനുമെതിരെ യു.എ.പി.എ ചുമത്തിയത് എന്നാണ് സൂചന. ട്വീറ്റുകളുടെ പേരിലാണ് തനിക്കെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നതെന്നും നിയമ പ്രൊഫസറായ താന്‍ നാലു വര്‍ഷമായി ഇന്ത്യയില്‍ കാലുകുത്തിയിട്ടെന്നും അമേരിക്കന്‍ പൗരനായ ഖാലിദ് ബെയ്ദൂന്‍ ട്വീറ്റ് ചെയ്തു. യു.എസ്സിലെ യൂണിവേഴ്‌സിറ്റി ഓഫ് അര്‍കന്‍സാസിലെ സ്‌കൂള്‍ ഓഫ് ലോയില്‍ പ്രൊഫസറായ ബെയ്ദൂന്‍ 'അമേരിക്കന്‍ ഇസ്ലാമോഫോബിയ' എന്ന കൃതിയുടെ രചയിതാവുമാണ്.

ത്രിപുര അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് തനിക്കും മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ബൈലൈന്‍ ടൈംസിന്റെ ഗ്ലോബല്‍ കറസ്‌പോണ്ടന്റും ഓസ്‌ട്രേലിയന്‍ പൗരനുമായ സി.ജെ വെര്‍ലിമാനും ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇസ്ലാമോഫോബിയക്കെതിരെ നിരന്തരം എഴുതുന്ന വെര്‍ലിമാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും കടുത്ത വിമര്‍ശകനാണ്. ഒരു പതിറ്റാണ്ടു മുമ്ബുവരെ കടുത്ത ഇസ്ലാം വിരോധിയും വംശീയവാദിയുമായിരുന്ന താന്‍ പിന്നീട് പഠനങ്ങളിലൂടെയാണ് ഇസ്ലാമിനെ മനസ്സിലാക്കിയതെന്നു വെളിപ്പെടുത്തിയ വെര്‍ലിമാന്‍ നിലവില്‍ ലോകമെങ്ങുമുള്ള ഇസ്ലാമോഫോബിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്.

Related News