Loading ...

Home Kerala

വിവാദ മരം മുറി ഉത്തരവ് : തീരുമാനം കൈക്കൊണ്ടത് ഉദ്യോഗസ്ഥതല യോഗത്തില്‍, തിരുത്തിയ ഉത്തരവ് നാളെ അയയ്ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരങ്ങള്‍ മുറിക്കാനുളള വിവാദ ഉത്തരവ് ഉദ്യോഗസ്ഥ തല യോഗ തീരുമാനപ്രകാരമെന്ന് റിപ്പോര്‍ട്ട്.
വനം വകുപ്പ് മേധാവി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച്‌ വിശദീകരണമുള്ളത്. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. നടപടി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിവാദ ഉത്തരവ് സര്‍ക്കാര്‍ ഇടപെട്ട് മരവിപ്പിച്ചതിനെ തുടര്‍ന്ന് തിരുത്തിയ ഉത്തരവ് നാളെ തമിഴ്നാടിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അറിയാതെ ഉത്തരവിറക്കിയതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥരോട് വനം മന്ത്രി ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് വിവാദ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലെയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. ചാനല്‍ വാര്‍ത്ത കണ്ടപ്പോഴാണ് മന്ത്രി ഇതുസംബന്ധിച്ച്‌ വിവരമറിഞ്ഞത്. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല.തമിഴ്നാട് ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് മരം മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള സംസ്ഥാന വനംവകുപ്പിന്റെ അറിയിപ്പ് ലഭിച്ചത്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ സംഭവവികാസം. ഇതോടെയാണ് തിടുക്കത്തില്‍ ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അനുമതി ലഭിച്ചതിനു പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച്‌ സ്റ്റാലിന്‍ കത്തയക്കുകയും ചെയ്തിരുന്നു.

Related News