Loading ...

Home Kerala

ഇ-മൊബിലിറ്റിക്ക് പിന്നില്‍ വന്‍ അഴിമതി; മുഖ്യമന്ത്രിയോട് ഒമ്പത്​ ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല


തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നിറുത്തി വച്ചിരുന്ന ഇ-മൊബിലിറ്റി പദ്ധതി പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രമേശ് ചെന്നിത്തല.

പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ വിവാദ കമ്ബനി പ്രൈസ് വാട്ടര്‍ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍ പറത്തിയുള്ള നീക്കമാണ് നടത്തുന്നത്. അഴിമതി നടത്തുന്നതിനാണ് ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ഹെസ് എന്ന വിദേശ കമ്ബനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിതെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ മിനിട്‌സ് പുറത്ത് വിടണമെന്ന ആവശ്യപ്പെട്ട അദ്ദേഹം, പദ്ധതി സംബന്ധിച്ച ഒന്‍പത് ചോദ്യങ്ങള്‍ ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് കത്തും നല്‍കി.

ചോദ്യങ്ങള്‍ ഇവയാണ് :

1. ഏത് നടപടിക്രമങ്ങള്‍ അനുവര്‍ത്തിച്ചാണ് ഹെസ് എന്ന കമ്പനിയെ ഇ-ബസ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തത്?
2. ആരാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്ബനിയെ ഇതിനായി കണ്‍സള്‍ട്ടാന്റായി തിരഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി തിരഞ്ഞെടുത്തത്?
3. ഹെസ് എന്ന കമ്പനിയെ മാത്രം മുന്‍നിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വര്‍ നിര്‍മ്മിക്കുന്നതിനും ധാരണാപത്രത്തില്‍ ഏര്‍പ്പെടുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ്. ആരാണ് ഇതിന് മുന്‍കൈ എടുത്തത്?
4. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
5. ജോയിന്റ് വെന്‍ച്വറില്‍ സ്വകാര്യ കമ്പനിയായ ഹെസിന് 51 ശതമാനം ഓഹരിയും സര്‍ക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
6. 6000 കോടി രൂപ മുതല്‍മുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടര്‍ ക്ഷണിക്കാതിരുന്നത്?
7. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പും ഉന്നയിച്ച തടസവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
8. ഡീറ്റെയില്‍ഡ് പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സുമായുളള ചീഫ് സെക്രട്ടറി തല മീറ്റിംഗില്‍ ഹെസ് കമ്പനിയുടെ പ്രതിനിധികള്‍ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
9. കരാര്‍ കമ്പനിയെ മുന്‍കൂട്ടി നിശ്ചയിച്ച്‌ പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ്?


Related News