Loading ...

Home Kerala

വളര്‍ത്തുമൃഗങ്ങളെ താമസിപ്പിക്കുന്നത് തടയാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി

കൊച്ചി: അപാര്‍ട്ട്മ‌െന്റുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഹൈക്കോടതി. വീട്ടുടമകള്‍ക്കോ വാടകയ്‌ക്കോ മറ്റോ താമസിക്കുന്നവര്‍ക്കോ ഇഷ്‌ടമുള‌ള വളര്‍ത്തുമൃഗങ്ങളെ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിപ്പിക്കുന്നത് അനുവദിക്കാതിരിക്കാനോ, ലിഫ്‌റ്റ്, എലിവേ‌റ്ററുകളില്‍ അവയുടെ പ്രവേശനം നിഷേധിക്കാനോ റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.

അത്തരത്തില്‍ പ്രവേശനം തടയുന്ന ബൈലാകള്‍ നിയമവിരുദ്ധമാണ്. നമ്മുടെ ആവാസ വ്യവസ്ഥയില്‍ അവകാശമുള‌ള ജീവികളാണ് വളര്‍ത്തുമൃഗങ്ങളെന്നും അവയുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കണ്ടിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടില്‍ മനുഷ്യനല്ലാത്ത മ‌റ്റ് ജീവജാലങ്ങളുടെ അവകാശങ്ങള്‍ മാനിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കാന്‍ സമയമായെന്നും ജസ്‌റ്റിസ് എ.കെ ജയശങ്കരന്‍ നമ്ബ്യാര്‍, ജസ്‌റ്റിസ് ഗോപിനാഥ് .പി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി കേന്ദ്രീകൃതമായ ലോകവീക്ഷണത്തില്‍ നിന്ന് പിന്മാറിയ കേരളത്തില്‍ മൃഗങ്ങള്‍ക്കുള‌ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നാം ദയനീയമാം വിധം പിന്നിലായെന്ന് കോടതി വിലയിരുത്തി.

മൃഗങ്ങള്‍ക്കും നമ്മോടൊപ്പം പ്രകൃതിയില്‍ കാര്യമുണ്ടെന്ന ചിന്തയില്‍ നിന്നും നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമാണ് പ്രകൃതിയില്‍ പ്രാധാന്യമുള‌ളതെന്ന അവസ്ഥയിലേക്ക് കുറച്ച്‌ നാള്‍കൊണ്ടുതന്നെ നമ്മള്‍ കാര്യങ്ങളെത്തിച്ചെന്ന് കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരും മറ്റ് ഭരണസ്ഥാപനങ്ങളും ജനങ്ങളില്‍ മൃഗങ്ങളോടൊപ്പം താമസിക്കാനുള‌ള മനോഭാവം വളര്‍ത്തിയെടുക്കണമെന്നും ഇതിനായി സ്‌കൂള്‍തലത്തില്‍ തന്നെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി അറിയിച്ചു. അതുകൊണ്ട് മൃഗങ്ങളെ വളര്‍ത്തുന്നത് നിയന്ത്രിക്കുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം ആസ്ഥാനമായുള‌ള പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ്‌എ)യുടെ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. മൃഗങ്ങളെ താമസിപ്പിക്കാന്‍ അനുവദിക്കാത്തത് നിയമവിരുദ്ധമാണെന്ന ഇവരുടെ ഹര്‍ജിയിലാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. 2015ല്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് റസിഡന്‍സ് അസോസിയേഷനുകള്‍ അനുസരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related News