Loading ...

Home Kerala

കരിപ്പൂര്‍ വിമാനപകടം: രക്ഷാദൗത്യത്തിനുള്ള പുരസ്കാരത്തെച്ചൊല്ലി പൊലീസില്‍ പൊട്ടിത്തെറി


കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തെന്ന് ആരോപണം.
അതേസമയം രക്ഷാദൗത്യത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ പട്ടികയില്‍ നിന്ന് വെട്ടിയതിനെച്ചൊല്ലി സേനയില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ്. പുരസ്‌കാരത്തിന് അര്‍ഹരായിട്ടും പിന്തള്ളിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി.

2020 ഓഗസ്റ്റ് ഏഴിനുണ്ടായ കരിപ്പൂര്‍ വിമാനപകടത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത ആറ് പൊലീസ് ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഇതില്‍ പല ഉദ്യോഗസ്ഥരും രക്ഷാദൗത്യത്തില്‍ പങ്കെടുത്തിട്ടില്ലന്നാണ് ആരോപണം. വിമാനാപകടം നടക്കുമ്ബോള്‍ അവധിയിലായിരുന്ന വാഴക്കാട് സിവില്‍ പൊലീസ് ഓഫീസറായിരുന്ന കെ ശ്രീജയും പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തില്ലാതിരുന്ന യു അലവിയ്ക്കും പുരസ്‌കാരമുണ്ട്.

രക്ഷാപ്രവര്‍ത്തനിടെ ചതുപ്പില്‍ വീണ അന്നത്തെ എടവണ്ണ എസ് ഐ ഷഫീക്, കോഴിക്കോട്ട് നിന്നെത്തിയ പൊലീസുകാരൊന്നും പുരസ്‌കാര പട്ടികയില്‍ ഇടംനേടിയില്ല. രക്ഷാദൗത്യത്തില്‍ പങ്കെടുത്ത പതിനൊന്നുപേരുടെ പട്ടിക ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് വെട്ടിയതെന്ന് ആക്ഷേപമുണ്ട്.
പുരസ്‌കാരത്തിന് അര്‍ഹരായവര്‍ അനധികൃതമായി പട്ടികയില്‍ കയറിക്കൂടിയതാണെന്ന് കാണിച്ച്‌ രക്ഷാദൗത്യത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി.

Related News