Loading ...

Home National

അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

ന്യുഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ ഒന്ന് വരെ കനത്ത മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.

തമിഴ്‌നാട്ടില്‍ ശക്തമായ മഴ മുതല്‍ അതിശക്തമായ ഒറ്റപ്പെട്ട മഴ ചില ഇടങ്ങളില്‍ പെയ്യാന്‍ സാധ്യതയുണ്ട്. കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. 28 മുതല്‍ 31 വരെ ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളില്‍ ശക്തമായ മഴ ലഭിക്കും. 29ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കര്‍ണാടകയുടെ തീരമേഖലകളിലും ദക്ഷിണ മേഖലയിലും ശക്തമായ മഴ ഒക്‌ടോബര്‍ 31 വരെയും റായലസീമയില്‍ 29, 30 തീയതികളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ശക്തമല്ലാത്ത കാറ്റും പടിഞ്ഞാറന്‍ ദിശയിലേക്ക് ഉണ്ടാവും.

കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍, ആന്ധ്രയുടെ തീരമേഖല എന്നിവിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യ മേഖല, കിഴക്ക്, വടക്കു-കിഴക്ക് മേഖലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു

Related News