Loading ...

Home National

എയര്‍ ഇന്ത്യയുടെ എല്ലാ കടങ്ങളും കൊടുത്തു തീര്‍ക്കാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് വിറ്റ എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളും കൊടുത്ത് തീര്‍ക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്ര ധനകാര്യ മന്ത്രാലയം. വൈകാതെ ഇത് കൊടുത്തു തീര്‍ക്കണമെന്നാണ് ധനകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേന്ദ്ര ധനകാര്യമന്ത്രാലയം നേരിട്ട് ഇടപെട്ടാണ് കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയുള്ള നിര്‍ദേശം നല്‍കിയത്. അതെ സമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പണം നല്‍കി മാത്രമേ യാത്ര ചെയ്യാവൂ എന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

2020 ഡിസംബറിലാണ് വന്‍ സാമ്ബത്തിക നഷ്ടത്തില്‍ തുടര്‍ന്നിരുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ നാലു കമ്ബനികളായിരുന്നു താത്പര്യം പ്രകടിപ്പിച്ച്‌ മുന്നോട്ടുവന്നത്. ലേലത്തില്‍ അവസാന റൗണ്ടിലെത്തിയത് ടാറ്റ സണ്‍സും സ്‌പൈസ് ജെറ്റും മാത്രമായിരുന്നു.

18,000 കോടി രൂപയ്‌ക്കാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്ബനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ സണ്‍സ് സ്വന്തമാക്കിയത്. ടാലസ് എന്ന ഉപകമ്ബനിയുടെ പേരിലാണ് ടാറ്റ സണ്‍സ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിന് പണമായിട്ടായിരിക്കും കൈമാറുക.

Related News