Loading ...

Home Kerala

വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നിയമസഭയുടെ മതില്‍ ചാടിക്കടന്നു.

നിയമസഭാ മാര്‍ച്ച്‌ നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ വനിതകളായ പ്രവര്‍ത്തകര്‍ നിയമസഭാ കവാടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഏഴ് പ്രവര്‍ത്തകര്‍ നിയമസഭയുടെ മതില്‍ ചാടിക്കടന്നു. ഒടുവില്‍ പൊലീസ് ഇവരെ ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹീനമായ ദുരഭിമാന കുറ്റതൃത്യത്തിന് സര്‍ക്കാരും സിപിഎമ്മും കൂട്ടുനിന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. അനുപമയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നില്‍ ഭരണസംവിധാനങ്ങള്‍ നട്ടെല്ലു വളച്ചെന്നും ഉന്നതല രാഷ്ട്രീയ ഗൂഢാലോചനയില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ടാട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നല്‍കിയതെന്നും ഒരു പരാതിയും സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20ന് അര്‍ധരാത്രി തുടങ്ങിയ ഗൂഢാലോചനയാണ്. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കി മലാല എന്ന് പേരിട്ടു. അനുപമ അന്വേഷിച്ചു ചെന്നപ്പോള്‍ മറ്റൊരു കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തി. ഇതൊക്കെ ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അമ്മയ്ക്കു മാത്രമേ കുഞ്ഞിനെ കൈമാറാന്‍ നിയമപരമായി അധികാരമുള്ളൂ എന്നു പറഞ്ഞ ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യത്തെ പിന്തുണച്ച സിപിഎമ്മിന്റേത് പിന്തിരിപ്പന്‍ നിലപാടാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related News