Loading ...

Home National

ഐസ്‌ക്രീമില്‍ മദ്യം കലര്‍ത്തി വില്‍പ്പന; കോയമ്പത്തൂരില്‍ ഐസ്‌ക്രീം പാര്‍ലര്‍ പൂട്ടിച്ചു

ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും മദ്യം ചേര്‍ത്ത ഐസ്ക്രീം വിറ്റതിനും കോയമ്ബത്തൂര്‍ ജില്ലയിലെ അവിനാശ് റോഡിലെ ലക്ഷ്മി മില്‍സ് പ്രദേശത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കഫേ ഭക്ഷ്യ സുരക്ഷാ അധികൃതര്‍ അടച്ചുപൂട്ടി. കഫേയില്‍ മദ്യക്കുപ്പികള്‍ സൂക്ഷിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് 'റോളിങ് ഡൗ' എന്ന കഫേയിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മദ്യം ചേര്‍ത്ത ഐസ്ക്രീമുകള്‍ കഫേയില്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരിശോധനയ്‌ക്കൊടുവില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് വിസ്കിയുടെയും ബ്രാണ്ടിയുടെയും കുപ്പികളും പിടിച്ചെടുത്തു. ഐസ്‌ക്രീമില്‍ ചേര്‍ക്കുന്നതിനായി സൂക്ഷിച്ച മദ്യമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്നും കഫേ മുഴുവന്‍ ഈച്ചകളും കൊതുകുകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നും പരിശോധനയ്ക്ക് ശേഷം അധികൃതര്‍ വെളിപ്പെടുത്തി.

കഫേയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ കൈവശം കൃത്യമായ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തി. ജോലിസമയത്ത് ജീവനക്കാര്‍ ആരും ഹെയര്‍ ക്യാപ്പുകളോ ഗ്ലൗസോ ഫെയ്‌സ് മാസ്‌ക്കുകളോ ധരിച്ചിരുന്നില്ലെന്നും ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഫേ പൂട്ടാനുണ്ടായ എട്ട് കാരണങ്ങളും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശദമായ അന്വേഷണത്തിന് ശേഷം കഫേ അടച്ചുപൂട്ടാനും അതിന്റെ ലൈസന്‍സ് റദ്ദാക്കാനും ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related News