Loading ...

Home Kerala

തിരുവനന്തപുരം മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍; 15 വീടുകള്‍ തകര്‍ന്നു; ആളുകളെ മാറ്റി

തിരുവനന്തപുരം: വിതുരയ്ക്കടുത്ത് മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍. പന്നിക്കുഴിയില്‍ ഒരുവീട് പൂര്‍ണമായി 15വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഉച്ചയ്ക്ക് ശേഷം തിരുവന്തപുരത്തെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്.

പേപ്പാറ വനത്തില്‍ ശക്തമായി മഴ പെയ്തിരുന്നു. അവിടെ പെയ്ത മഴയിലെ വെള്ളമാണ് മലവെള്ളപ്പാച്ചിലായി വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മീനാങ്കല്‍ എന്ന ഭാഗത്തേക്ക് ഒഴുകിയെത്തിയത്.

അജിത കുമാരിയുടെ വീടാണ് പൂര്‍ണമായി തകര്‍ന്നത്. മറ്റ് 15 വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കേറ്റട്ടില്ല. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴ

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ മഴയ്ക്കു സാധ്യതയെന്നായിരുന്നു രാവിലത്തെ പ്രവചനം.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഈ ജില്ലകളില്‍ തീവ്രമഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാലു ദിവസം മഴ കനക്കും

അടുത്ത നാലു ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.

ഇന്നലെ പകല്‍ സമയം കേരളത്തില്‍ പൊതുവേ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ ശക്തമാവുകയായിരുന്നു. അതി ശക്തമായ മഴയാണ് വൈകുന്നേരവും രാത്രിയും മലയോര മേഖലകളില്‍ അനുഭവപ്പെട്ടത്.

Related News