Loading ...

Home Kerala

പ്രളയ ദുരിതം ആവര്‍ത്തിക്കുമ്പോഴും നിയമസഭ സമിതി റിപ്പോര്‍ട്ടുകള്‍ ഫയലില്‍ ഉറങ്ങുന്നു

തിരുവനന്തപുരം: 2018ലെ വെള്ളപ്പൊക്കത്തിന്‍െറ പശ്ചാത്തലത്തില്‍ നിയമസഭ പരിസ്ഥിതി സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഫയലില്‍ ഉറങ്ങി. റിപ്പോര്‍ട്ടില്‍ കാര്യമായ തുടര്‍ നടപടിയുണ്ടായില്ലെന്ന് രേഖകള്‍. 2019 ജൂലൈ നാലിനാണ് 22 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമസഭാ സമിതി മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളില്‍ പ്രധാനം നവ കേരള നിര്‍മ്മാണം പ്രകൃതി സൗഹൃദമാകണമെന്നായിരുന്നു. അത് സംബന്ധിച്ച്‌ സോഷ്യല്‍ ഓഡിറ്റിങ് നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചു.

പ്രളയം ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങള്‍ ശാസ്ത്രീയമായി പഠിച്ച്‌ നടപടികള്‍ വൈകരുതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. ജല സംരക്ഷണം സജ്ജീവമാക്കുന്നതിന് നെല്‍വയലുകള്‍, നീര്‍ത്തടങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഭവന നിര്‍മാണത്തിന് ശക്തമായ മാര്‍ഗരേഖ തയാറാക്കണം. പരിസ്ഥിതിയുടെ പ്രത്യേകത വിലയിരുത്താതെ എന്തും എവിടെയും എങ്ങനെയും നിര്‍മിക്കാമെന്ന രീതി അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

വീടുകള്‍ പ്രകൃതി സൗഹൃദമാകണം, പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിങ് നടപ്പാക്കണം, വീടുകളുടെ വലിപ്പം, എണ്ണം നിയന്ത്രിക്കുന്ന പാര്‍പ്പിട നയം ആവിഷ്കരിക്കണം, ഭൂപ്രകൃതി പരിഗണിച്ച്‌ വ്യത്യസ്ഥ നിര്‍മ്മാണ രീതികള്‍ സ്വീകരിക്കണം, നിര്‍ണങ്ങള്‍ പൂര്‍ണായി ജല സൗഹൃദമാകണം, ഒന്നില്‍ കൂടുതല്‍ വീടു വെക്കുന്നത് നിരുല്‍സാഹിപ്പിക്കണം, വീടുകള്‍ക്കും വാണിജ്യ സമുച്ചയത്തിനും വ്യത്യസ്ഥ ഇടങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു.

നിര്‍മാണങ്ങള്‍ക്കായി ഭൂമിയുടെ ഉപയോഗം പരമാവധി കുറക്കണം, പരിസ്ഥിതി സൗഹൃദ ടൂറിസം നടപ്പിലാക്കണം, ഖനനങ്ങള്‍ക്കു നിയന്ത്രണം വേണം എന്നിവയും റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളായിരുന്നു. ഖനനം പൊതു മേഖലയില്‍ മാത്രമായിരിക്കുമെന്ന് 2016ലെയും 2021 ലെയും എല്‍.ഡി.എഫ് പ്രകടന പത്രികയിലും ആവര്‍ത്തിച്ചു.

പുഴകളിലെ കൈയേറ്റം ഒഴുപ്പിക്കണമെന്നും നദികളുടെ സംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കണമെന്നും വയനാട്ടിലെ കൃഷി ഭൂമിക്കു പ്രത്യേക സുരക്ഷ ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. കാലാവസ്ഥക്ക് അനുയോജ്യമായ റോഡുകള്‍ നിര്‍മ്മിക്കണം, റോഡു നിര്‍മ്മാണത്തിന് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കണം, കുളങ്ങളെ ഡിജിറ്റല്‍ മാപ്പിങ്ങിലൂടെ സംരക്ഷിക്കണം, തണ്ണീര്‍ തടങ്ങള്‍ സംരക്ഷിക്കലിനായി പാടങ്ങള്‍ തരിശിടാതിരിക്കണം, ചരിവുകളില്‍ നിന്ന് സുരക്ഷിത ഇടങ്ങളിലെക്കു താമസം മാറ്റാന്‍ പദ്ധതി വേണം.

മലമ്ബുഴ ഡാം പ്രദേശത്തെ ഇമേജ് (ആശുപത്രി മാലിന്യ പ്ലാന്‍റ്) മാറ്റി സ്ഥാപിക്കണം, വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കണം. കുട്ടനാടിന്‍റെ വെള്ളപൊക്കം, വെള്ളകെട്ട് പരിഹാര പദ്ധതികള്‍ തുടങ്ങണം, ആന്ധ്രാപ്രദേശ് മാതൃകയില്‍ (പ്രകൃതി ദുരന്ത) സ്ഥിരം ഷെല്‍റ്ററുകള്‍ പണിഞ്ഞ് കടല്‍ക്ഷോഭവും മറ്റു ദുരന്തങ്ങളും ഉണ്ടാകുമ്ബോള്‍ സുരക്ഷിതമായ താമസ ഇടം ഒരുക്കണം തുടങ്ങി 40 നിര്‍ദേശങ്ങള്‍ നിയമസഭയില്‍ അവതരിപ്പിച്ചു.

നിയമസഭ റിപ്പോര്‍ട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിയുണ്ടായോയെന്ന് എം.എല്‍.എമാര്‍ക്ക് പോലും അറിയില്ല. 2020 ഓഗസ്റ്റ് 24ന് ഖനനത്തിനെതിരെ മുല്ലക്കര രത്നാകരന്‍റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല. റിപ്പോര്‍ട്ടുകള്‍ വെറും കടലാസ് കെട്ടിയായി അവശേഷിച്ചു.


Related News