Loading ...

Home National

ലഖിംപൂര്‍ കര്‍ഷകക്കൊലയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതില്‍ സുപ്രിം കോടതിക്ക് അതൃപ്തി

ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് വൈകിയതില്‍ സുപ്രിം കോടതിക്ക് അതൃപ്തി . സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും കോടതി അതൃപ്തി അറിയിച്ചു. അന്വേഷണം തീരാക്കഥയായി മാറരുതെന്നും യു.പി സര്‍ക്കാറിന് കോടതി താക്കീത് നല്‍കി.

കര്‍ഷക കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്നാണ് യു.പി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചത്. 44 സാക്ഷികളുള്ള കേസില്‍ 4 പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകിയതിലും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തിലും ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ വൈകുന്നതെന്താണെന്ന് കോടതി ചോദിച്ചു. അന്വേഷണം അവസാനിക്കാത്ത കഥയായി മാറരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് താക്കീത് നല്‍കി. കേസിലെ സാക്ഷികള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാനും കോടതി യു.പി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്ബോള്‍ മുഴുവന്‍ സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കര്‍ഷക കൊലപാതകത്തിന്‍റെ അന്വേഷണവുമായ ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സാക്ഷി മൊഴികളും ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി യുപി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. എന്നാല്‍ കേസിന്‍റെ അന്വേഷണം തുടരുകയാണെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലഖിംപൂരില്‍ നടന്ന സംഭവം പുനരാവിഷ്കരിച്ചാണ് അന്വേഷണം നടത്തിയത് അതിനാലാണ് മൊഴി രേഖപ്പെടുത്താന്‍ വൈകിയതെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
 

Related News