Loading ...

Home Kerala

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കലിനെതിരെ നാട്ടുകാര്‍; ഭൂമി വിട്ടുകൊടുക്കില്ലെന്ന് തീരുമാനം


കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം സ്വകാര്യവത്കരണത്തിന്‍റെ ഭാഗമെന്ന് പ്രദേശവാസികളുടെ കൂട്ടായ്മ. തീരുമാനം ഏകപക്ഷീയമെന്നും ഭൂമി വിട്ട് കൊടുക്കില്ലെന്നും കാലിക്കറ്റ് എയര്‍പോര്‍ട്ട് ആന്‍റി എവിക്ഷന്‍ ഫോറം.

കരിപ്പൂര്‍ വിമാനത്താവളവുമായി യാതൊരു ബന്ധവുമില്ലാത്ത ഭൂമി വരെ ഏറ്റെടുക്കുന്നതാണ് പുതിയ തീരുമാനമെന്നും ഇത് സ്വകാര്യ ലോബിക്ക് വേണ്ടിയാണെന്നുമാണ് ഭൂമിയേറ്റെടുക്കലിനെതിരെ രൂപീകരിച്ച കൂട്ടായ്മയുടെ ആരോപണം .നിലവില്‍ വിമാനത്താവളത്തിന്‍റെ ഭാഗമായ ഭൂമി ഫലപ്രദമായി വിനിയോഗിച്ചാല്‍ തന്നെ വികസനം സാധ്യമാകുമെന്നും പ്രദേശവാസികളുടെ കൂട്ടായ്മ പറയുന്നു.

കരിപ്പൂരിന്‍റെ തുടര്‍ വികസന സാധ്യതകളെ കുറിച്ചും അതുവഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക - സാമൂഹികാഘാതത്തെ കുറിച്ചും പഠനം നടത്തണം. അശാസ്ത്രീയവും അനാവശ്യവുമായ വികസനത്തിനാണ് നിലവില്‍ നീക്കമെന്നും അതിനായി ഭൂമി വിട്ടു നല്‍കാന്‍ സാധ്യമല്ലെന്നുമാണ് കാലിക്കറ്റ് എയര്‍പോര്‍ട്ട് ആന്‍റി എവിക്ഷന്‍ ഫോറം നിലപാട് . കഴിഞ്ഞ ദിവസം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത വിമാനത്താവള വികസന സമിതി യോഗത്തിലാണ് വിമാനത്താവള വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് .


Related News