Loading ...

Home National

കര്‍ഷകരുടെ ട്രെയിൻ തടയല്‍ സമരം; ലഖ്​നോവില്‍ നിരോധനാജ്ഞ, കര്‍ഷക നേതാക്കളുടെ വീട്​ വളഞ്ഞ്​ പൊലീസ്​

ലഖ്​നോ: ഉത്തര്‍പ്രദേശ്​ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്​ ലഖ്​നോവില്‍ നിരോധനാജ്ഞ. ഇന്ന്​ കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയും. ​

കര്‍ഷകക്കൊലയില്‍ മകന്‍ ആശിഷ്​ മിശ്ര അറസ്റ്റിലായ പശ്ചാത്തലത്തില്‍ അജയ്​ മിശ്ര കേന്ദ്രമന്ത്രി സ്​ഥാനം രാജിവെക്കണമെന്നാണ്​ കര്‍ഷകരുടെ ആവശ്യം. രാജ്യദ്രോഹ ​പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്​ ലഖ്​നോ പൊലീസ്​ കമീഷണര്‍ അറിയിച്ചു.

ലഖ്​നോവില്‍ കര്‍ഷക സംഘടന നേതാക്കളുടെ വീടിന്​ പുറത്ത്​ പൊലീസ്​ തമ്ബടിച്ചിട്ടുണ്ട്​. രാവിലെ 10 മുതല്‍ വൈകിട്ട്​ നാലുവരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ്​ ട്രെയിന്‍ തടയല്‍ സമരം.

രാജ്യവ്യാപകമായി ആറുമണിക്കൂറാണ്​ ട്രെയിന്‍ തടയല്‍. രാവിലെ 10 മുതല്‍ ലഖിംപൂര്‍ ഖേരി വിഷയത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ സമാധാനപരമായി ട്രെയിന്‍ തടയുമെന്ന്​ സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്റ്റ്​. എന്നാല്‍, കേന്ദ്ര മന്ത്രിസഭയില്‍ അജയ്​ മിശ്ര തുടരുമ്പോള്‍ നീതി ലഭ്യമാകില്ലെന്ന്​ കര്‍ഷക സംഘടനകള്‍ പറഞ്ഞു.

ഒക്​ടോബര്‍ മൂന്നിനാണ്​ രാജ്യത്തെ നടുക്കിയ സംഭവം. ​പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക്​ ഇടയിലേക്ക്​ ആശിഷ്​ മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക്​ ജീവന്‍ നഷ്​ടമായി.

Related News