Loading ...

Home Kerala

ഇടുക്കിയില്‍ ആശങ്ക വിതച്ച്‌ ഉരുള്‍പൊട്ടല്‍, അണക്കെട്ടുകള്‍ തുറന്നു

തൊടുപുഴ: ഇടുക്കിയില്‍ ആശങ്ക വിതച്ച്‌ കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡില്‍ കുട്ടിക്കാനത്തിന് താഴെ ഉരുള്‍പൊട്ടി. പുല്ലുപാറയിലാണ് ഉരുള്‍പൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാര്‍ എന്നിവിടങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീതിയിലാണ്.കനത്ത മഴയെത്തുടര്‍ന്ന് കുത്തിയൊഴുകുന്ന മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടം

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കല്ലാര്‍കുട്ടി, േലാവര്‍ പെരിയാര്‍ അണക്കെട്ടുകള്‍ തുറന്നു. മലങ്കര അണക്കെട്ടിന്‍െറ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറന്നു.
കെ.കെ. റോഡിന് സമീപം മണ്ണിടിഞ്ഞ് ഗതാഗത തടസം ഉണ്ടായപ്പോള്‍

മാട്ടുപ്പെട്ടി ഡാമില്‍ ജലനിരപ്പ് 1597.90 മീറ്റര്‍ എത്തിയതിനാല്‍ ഒരു ഷട്ടര്‍ തുറന്നു. ഇടുക്കി അണക്കെട്ടില്‍ ഇന്ന് 2391.36 അടിയാണ്. അണക്കെട്ടില്‍ ജലനിരപ്പ് 86 ശതമാനം കവിഞ്ഞു. ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related News